ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഒഡിഷി നര്‍ത്തകി നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ബംഗാള്‍ സര്‍ക്കാരിനാണ് കൊല്‍ക്കട്ട പോലീസ് റിപ്പോര്‍ട്ട് കൈമാറിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹിയിലെ ഹോട്ടലില്‍വെച്ച് ആനന്ദ ബോസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
2023 ഒക്ടോബറിലാണ് യുവതി ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പൊലീസിന് പരാതി നല്‍കിയത്. ജനുവരിയില്‍ നടന്ന സംഭവത്തില്‍ പത്തുമാസങ്ങള്‍ വൈകി പരാതി നല്‍കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. വിദേശയാത്രയ്ക്ക് ഉണ്ടായ തടസ്സം നീക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചാണ് സി.വി. ആനന്ദബോസിനെ ആദ്യം സന്ദര്‍ശിച്ചതെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ആനന്ദബോസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിനെ സമീപിച്ചുവെന്നും, വിദേശ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ജനുവരി അഞ്ച്, ആറ് തീയതികളില്‍ ഡല്‍ഹിയില്‍ താമസിക്കുന്നതിനുള്ള ഹോട്ടലില്‍ മുറി ബുക്ക് ചെയ്തതതിന്റെ വിശദശാംശങ്ങളും ലഭിച്ചിരുന്നു.
ആ ദിവസങ്ങളില്‍ ഡല്‍ഹിയിലെ ബംഗാ ഭവനില്‍ ഉണ്ടായിരുന്ന ആനന്ദബോസ് ഹോട്ടലില്‍ എത്തി തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. പ്രാഥമിക അന്വേഷണത്തില്‍ യുവതിയുടെ പരാതിയില്‍ പറയുന്ന സമയത്ത് ആനന്ദബോസ് ബംഗാ ഭവനിലും, ഹോട്ടലിലും ഉണ്ടായിരുന്നുവെന്ന് സി.സി.ടി.വി. പരിശോധനയില്‍ കണ്ടെത്തിയതായാണ് സൂചന.
ബംഗാള്‍ ഗവര്‍ണര്‍ പീഡിപ്പിച്ചു എന്നാരോപിച്ച് രാജ്ഭവനിലെ ജീവനക്കാരി നല്‍കിയ പരാതി നിലവില്‍ പോലീസിന്റെ പരിഗണനയിലാണ്. ആനന്ദബോസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിരിക്കുന്നത്.