മുംബൈ: ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ മഹേന്ദ്രഗിരി മുംബൈയിൽ കമ്മീഷൻ ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ ഭാര്യ സുദേഷ് ധൻഖറാണ് യുദ്ധക്കപ്പൽ ഉദ്ഘാടനം ചെയ്തത്. ബൈയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി.
മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡാണ് (എംഡിഎൽ) ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ മഹേന്ദ്രഗിരി നിർമിച്ചത്. മഹേന്ദ്രഗിരി ഇന്ത്യയുടെ നാവിക ശക്തിയുടെ അംബാസഡറായി മാറുമെന്നും കടലിൽ ഇന്ത്യയുടെ ത്രിവർണ പതാക അഭിമാനത്തോടെ പാറിക്കുമെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു.
കരസേനയിലും നാവികസേനയിലും വ്യോമസേനയിലുമായി പതിനായിരത്തിലധികം സ്ത്രീകളുടെ സാന്നിധ്യമുള്ള ഇന്ത്യൻ സായുധ സേന ലിംഗസമത്വത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചെന്നും മഹേന്ദ്രഗിരി കമ്മീഷൻ ചെയ്തത് സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ കിഴക്കൻഘട്ടത്തിലെ ഒരു പർവതശിഖരത്തിന്റെ പേരായ മഹേന്ദ്രഗിരി എന്നാണ് കപ്പലിന് നൽകിയത്. പ്രൊജക്ട് 17എ ഫ്രിഗേറ്റ് സീരീസിലെ ഏഴാമത്തെ കപ്പലാണ് മഹേന്ദ്രഗിരി.
സ്റ്റെൽത്ത് ഫീച്ചറുകൾ, നൂതന ആയുധങ്ങളും സെൻസറുകളും പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനങ്ങളും അടങ്ങിയിരിക്കുന്നു. നീലഗിരി ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളുടെ 7 യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് മഹേന്ദ്രഗിരി.ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് പ്രോജക്ട് 17 എ കപ്പലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മഹേന്ദ്രഗിരി, സാങ്കേതികമായി അപ്ഡേറ്റ് ചെയ്ത യുദ്ധക്കപ്പലാണെന്നും നേവി അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ പങ്കെടുത്തു.