മൈസൂരു : മൈസൂരുവിൽ മാനന്തവാടി സ്വദേശിയുടെ വാഹനം തടഞ്ഞുനിർത്തി കവർച്ച. ബേക്കറിവ്യാപാരി അൽത്താഫിനു (45) നേരേയാണ് തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടായത്. അക്രമികൾ അൽത്താഫിന്റെ വാഹനവും ഇതിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപയുമായി കടന്നുകളഞ്ഞു. മാനന്തവാടി സ്വദേശിയായ ഡ്രൈവർ സൂപ്പിക്ക് (54) പരിക്കേറ്റു.
മൈസൂരു എച്ച്.ഡി. കോട്ടെയ്ക്ക് സമീപം മന്ദനഹള്ളിയിൽ രാവിലെ പതിനൊന്നോടെയാണ് സംഭവം. അൽത്താഫും ഡ്രൈവറും മൈസൂരുവിൽ സ്ഥലക്കച്ചവടത്തിനായി പോയി നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു.
ഡൽഹി രജിസ്ട്രേഷനിലുള്ള എസ്.യു.വി.യിൽ മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് കവർച്ച നടത്തിയത്.ഇവർ വാഹനം തടഞ്ഞുനിർത്തി ഇരുവരെയും വലിച്ചിഴച്ച് പുറത്തിറക്കി നടുറോഡിലിട്ട് മർദിച്ചു.
തുടർന്ന്, രണ്ടുപേർ വാഹനവുമായി കടന്നു. അൽത്താഫും ഡ്രൈവറും ജയപുര പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് സൂപ്രണ്ട് വിഷ്ണുവർധൻ അറിയിച്ചു.