കൊച്ചി:കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ച സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി സംവിധായകന്‍ എ കെ സാജന്‍.
ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ കാന്‍സര്‍ രോഗിയായ ഒരമ്മയുടെ അഭ്യര്‍ത്ഥന കേട്ടാണ് ജോജു സമരക്കാരോട് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരു മണിക്കൂറോളം ജോജു വാഹനത്തില്‍ തന്നെ ഇരുന്നു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ കാന്‍സര്‍ രോഗിയായ ഒരമ്മ ഉണ്ടായിരുന്നു. അവര്‍ കീമോ എടുക്കാന്‍ പോവുകയാണെന്ന് ജോജുവിനോട് പറഞ്ഞു. സമയത്തു ചെന്നില്ലെങ്കില്‍ അടുത്ത പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞാകും ഇനി ഡേറ്റ് കിട്ടുക എന്നും പറഞ്ഞു. സാറ് പറഞ്ഞാല്‍ അവര്‍ കേട്ടാലോ, ഒന്ന് പറയുമോ എന്ന് ആ അമ്മ അഭ്യര്‍ത്ഥിച്ചു.
ഇതോടെയാണ് ജോജു കാറില്‍ നിന്ന് ഇറങ്ങി സമരക്കാരോടു സംസാരിക്കാന്‍ പോയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം ഞെട്ടിച്ചു. മുന്‍ എം എല്‍ എ അടക്കം ജോജുവിന്റെ വാഹനത്തിന്റെ ബോണറ്റില്‍ അടിച്ചു.’- എ കെ സാജന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
കൊച്ചിയിൽ നടൻ ജോജു ജോർജ്ജിനെ വഴിയിൽ തടഞ്ഞ വിവാദത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. കൊച്ചിയിലെ വഴി തടയൽ സമരത്തോട് നടത്തിയ പരസ്യ പ്രതിഷേധത്തിന് പിന്നാലെ ജോജുവിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തൃശ്ശൂർ മാളയിലെ ജോജുവിൻ്റെ വീട്ടിലേക്ക് ഇന്നലെ വൈകിട്ട് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭമാർച്ച് നടത്തിയിരുന്നു. ജോജുവിനെ ഇനിയെ മാളയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഡിവൈഎഫ്ഐ രംഗത്തു വന്നിരിക്കുന്നത്.
പ്രതികരിക്കാനുള്ള അവകാശം മൗലികവകാശമാണ്. ജോജു ജോർജ് വഴിതടയൽ സമരത്തോട് പ്രതികരിച്ചുവെന്നതിൻ്റെ പേരിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തെ കാലുകുത്താൻ അനുവദിക്കില്ലെന്ന യൂത്ത് കോൺഗ്രസിൻ്റെ നിലപാട് ജനാധിപത്യ വിരുദ്ധവും ഫാസ്റ്റിസ്റ്റ് സമീപനവുമാണ്. ഈ സാഹചര്യത്തിൽ ജോജുവിൻ്റെ കുടുംബത്തിൻ്റെ ജീവനും സ്വത്തിനും ഡിവൈഎഫ്ഐ സംരക്ഷണം നൽകും – ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് പറഞ്ഞു.
അതേസമയം ജോജുവിനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. സ്ത്രീകൾക്ക് കേൾക്കാൻ കൊള്ളില്ലാത്ത ചീത്ത വിളികളാണ് ഇന്നലെ ജോജു നടത്തിയതെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. സ്ത്രീകളെ പിടിച്ചു തള്ളിയാണ് ജോജു കയറി വന്നത്. ജോജുവിനെതിരെ സ്ത്രീകൾ കൊടുത്ത പരാതിയിൽ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കണം. അവിടെ നിരവധി പോലീസുദ്യോഗസ്ഥരുണ്ടായിരുന്നു. ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് പൊലീസ് ഇടപെടുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സമരം ചെയ്യാൻ പറ്റാത്ത അവസ്ഥ വരും. മാന്യതയുടെ സ്വരം പോലും ജോജുവിനുണ്ടായിരുന്നില്ല. തോന്ന്യാസം പറഞ്ഞാൽ പ്രവർത്തകർ പ്രതികരിച്ച് പോകും. വിഷയത്തിൽ പൊലീസ് ഏകപക്ഷീയമായി കേസെടുക്കുന്നത് ശരിയല്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.