KeralaNews

മുഖ്യമന്ത്രിക്ക് മറുപടി പറയാൻ മനസ്സില്ല,വേറെ ഏട്ടന്റെ പീട്യേൽ പോയി പറയണം:എ.കെ.ബാലന്‍

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസ്സില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്‍. അന്വേഷണം പുരോഗമിക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തത്. നേരത്തെ പല വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബാലന്‍.

‘2020-ല്‍ ഭരണാനുമതി കൊടുത്ത പദ്ധതിയാണിത്. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചപ്പോള്‍ അന്ന് തന്നെ ഇത് അന്വേഷിക്കാന്‍ വിജിലന്‍സിന് വിട്ടു. ഇപ്പോള്‍ അനുബന്ധമായി കുറേ ആരോപണങ്ങള്‍ വന്നപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പ് മേധാവിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഈ അന്വേഷണത്തിനിടയില്‍ എന്ത് മറുപടിയാണ് പ്രതിപക്ഷ നേതാവിനോട് പറയേണ്ടത്’ എ.കെ.ബാലന്‍ ചോദിച്ചു.

ഓരോരോ കാലഘട്ടത്തില്‍ എന്തെല്ലാമാണ് ഇവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ലാവലിന്‍ എന്തായി, കമലാ ഇന്റര്‍നാഷണല്‍, ഇ.പിയുടെ ഭാര്യയുടെ തലവെട്ടി സ്വപ്‌ന സുരേഷിന്റെ തലയാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു. ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറഞ്ഞാല്‍ന നടക്കില്ല. നിയമപരമായി പറയേണ്ടത് നിയമപരമായി പറയും. അദ്ദേഹത്തിന്റെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു കാര്യത്തില്‍ മെറിറ്റില്‍ കടന്ന് അഭിപ്രായം പറയുന്നത് തെറ്റാണെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അന്വേഷണത്തേയും മുഖ്യമന്ത്രിയും സര്‍ക്കാരും ഭയക്കുന്നില്ലെന്നും ബാലന്‍ പറഞ്ഞു. അന്വേഷണം നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി എ.ഐ ക്യാമറ പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിനെന്താ…എന്നായിരുന്നു ബാലന്റെ മറുപടി.

‘ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്കനുസൃതമായി കേരളത്തിലെ ഒട്ടുമിക്ക എല്ലാ പദ്ധതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. അതില്‍ അഴിമതിയുണ്ടോ എന്നത് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ആ അന്വേഷണത്തിനിടയില്‍ മുഖ്യമന്ത്രി വീണ്ടും വീണ്ടും മറുപടി പറയണമെന്ന് പറഞ്ഞാല്‍ അതിന് മനസ്സില്ല എന്നാണ് അര്‍ത്ഥം. അവര്‍ ചോദിച്ചുകൊണ്ടേ ഇരിക്കട്ടെ, മറുപടി പറഞ്ഞാല്‍ ഉടനെ പറയും ഇടപ്പെട്ടു, മുഖ്യമന്ത്രി രാജിവെക്കണമെന്ന്. നിശബ്ദത പാലിച്ചാല്‍ എന്തോ ഒളിച്ചുവെക്കാനുണ്ടെന്ന് പറയും…ഇത് വേറെ ഏട്ടന്റെ പീട്യേല്‍ പോയി പറഞ്ഞാല്‍ മതി. ഞങ്ങള്‍ക്ക് ഇതില്‍ ഒന്നും പേടിക്കാനില്ല’ ബാലന്‍ പറഞ്ഞു.

പറയുന്നതിനൊക്കെ ഒരു മര്യാദ വേണം. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണോ മുന്‍ പ്രതിപക്ഷ നേതാവാണോ കേമന്‍ എന്നാണ് നോക്കുന്നതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker