
മധുര: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ എസ്എഫ്‌ഐഒ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം നേതാവ് എ.കെ. ബാലന്‍. ഈ കേസില്‍ കെണിയാന്‍ പോകുന്നത് പിണറായി വിജയനോ വീണയോ ആയിരിക്കില്ലെന്നും മറ്റുചിലരായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മധുരയില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെയാണ് എ.കെ. ബാലന്‍ മാസപ്പടിക്കേസില്‍ പ്രതികരണം നടത്തിയത്.
നിലവിലെ കേസുമായി ബന്ധപ്പെട്ട് പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഇത് ഡല്‍ഹി ഹൈക്കോടതിയുടെ മുന്‍പാകെ പരിഗണനയിലിരിക്കുന്ന കേസാണ്. ആ കേസിന്റെ ഉത്തരവ് വരുന്നതിന് മുന്‍പാണ് എസ്എഫ്‌ഐഒ കുറ്റപത്രം കൊടുത്തിട്ടുള്ളത്.
തങ്ങള്‍ക്ക് ധൃതിയില്ലെന്നും കോടതി വിധിക്ക് ശേഷം മാത്രമേ തുടര്‍നടപടികള്‍ എടുക്കുകയുള്ളൂവെന്നും ഹൈക്കോടതിയുടെ മുന്‍പില്‍ അന്വേഷണസംഘം പറഞ്ഞിരുന്നു. അതിന് കടകവിരുദ്ധമാണ് ഇപ്പോള്‍ പുറത്തുവന്നകാര്യമെന്നും എ.കെ. ബാലന്‍ പറഞ്ഞു. ഇവിടെ എക്‌സാലോജിക്കില്‍നിന്ന് സേവനം കിട്ടിയില്ലെന്ന് സിഎംആര്‍എല്ലിന് പരാതിയില്ലല്ലോ എന്നും അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.