കൊല്ലം: അച്ചൻകോവിൽ കോട്ടവാസൽ ഭാഗത്ത് വനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. പഠനയാത്രയ്ക്ക് പോയ 32 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമായിരുന്നു വനത്തില്‍ കുടുങ്ങിയത്. രക്ഷപ്പെടുത്തിയ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് സംഘം കുടുങ്ങിക്കിടക്കുന്ന വിവരം അധികൃതർ അറിയുന്നത്. തുടർന്ന്, വനംവകുപ്പും പോലീസും ഇവരെ പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തനത്തിന് തടസംനേരിട്ടിരുന്നു.
ക്ലാപ്പന ഷണ്‍മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണിവര്‍. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍ അച്ചന്‍കോവിലിലേക്കെത്തിയത്. 17 ആണ്‍കുട്ടിയും 15 പെണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. കൂടുതല്‍ പേരും പ്ലസ് ടു വിദ്യാര്‍ഥികളാണ്.
ഞായറാഴ്ച രാവിലെ കോട്ടവാസൽ ഭാഗത്തെ വനത്തിൽ വനപാലകരുടെ നേതൃത്വത്തിൽ ട്രക്കിങ്ങിനുപോയി മടങ്ങുന്നതിനിടെ കനത്ത മഴപെയ്തതാണ് തിരിച്ചടിയായത്.
മഴയോടൊപ്പം മൂടൽമഞ്ഞുകൂടിയായതോടെ മലയിറങ്ങുന്നത് ദുഷ്കരമായി. അതിനാൽ സന്ധ്യയോടെ സംഘം നടത്തം അവസാനിപ്പിച്ച് മഴ കുറയുന്നതിനായി കാത്തുനിന്നു.
ഏറെനേരമായിട്ടും മഴതോർന്നില്ല. മൂടൽമഞ്ഞ് കൂടുകയും ചെയ്തതോടെ അച്ചൻകോവിൽ വനംവകുപ്പ് ഓഫീസിൽ അറിയിച്ചു. തുടർന്ന് കനത്ത മഴ അവഗണിച്ച് പതിനഞ്ചോളം വനംവകുപ്പ് ഉദ്യോഗസ്ഥരും അച്ചൻകോവിൽ പോലീസും സ്ഥലത്തെത്തി. രാത്രി ഒൻപതോടെ സംഘങ്ങൾ നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനു നടപടി തുടങ്ങി