
തൃശൂര്‍: സഹോദരങ്ങളുമൊത്ത് കളിച്ചുകൊണ്ടിരിക്കെ നാലര വയസ്സുകാരന്‍ കിണറ്റില്‍ വീണു. 25 അടി താഴ്ചയില്‍ എട്ടരയടി വെള്ളമുള്ള കിണറ്റില്‍ വീണ കുട്ടിയെ പിനാനാലെ ചാടി രക്ഷിച്ച് 63കാരി സുഹറ. കുഞ്ഞ് കിണറ്റില്‍ വീണ വിവരം അറിഞ്ഞ സുഹറ മറ്റൊന്നും ചിന്തിച്ചില്ല. മിന്നല്‍ വേഗത്തിലായിരുന്നു സുഹറയുടെ രക്ഷാപ്രവര്‍ത്തനം. കുഞ്ഞിന്റെ മുഖം മാത്രം മനസ്സില്‍ തെളിഞ്ഞപ്പോള്‍ തന്റെ പ്രായം പോലും മറന്ന് സുഹറ കിണറ്റിലേക്ക് ഇറങ്ങി.
മോട്ടറിന്റെ ഹോസ് കെട്ടിയ കയറില്‍ തൂങ്ങി അതിവേഗം കിണറ്റിലേക്ക് ഇറങ്ങുക ആിരുന്നു. വീട്ടിലെ മറ്റുള്ളവര്‍ വിവരം അറിയും മുന്നേതന്നെ അവര്‍ കുഞ്ഞിനെ കൈകളില്‍ കോരിയെടുത്തു. ജീവിതത്തിലേക്ക് ഇരുവരും അതിവേഗം തിരിച്ചു കയറി. എന്നാല്‍ കിണറ്റിലേക്ക് ഇറങ്ങിയ വേഗമൊന്നും തിരികെ കയറാന്‍ സുഹറയ്ക്ക് ഉണ്ടായില്ല. വിവരം അറിഞ്ഞെത്തിയ ബന്ധുവാണ് ഇരുവരേയും കരയ്ക്ക് എത്തിച്ചത്.
വടക്കേക്കാട് മണികണ്‌ഠേശ്വരം കിഴക്ക് തെക്കേപാട്ടയില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് (63) ഭര്‍തൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഹൈസിനെ സ്വന്തം അവശതകള്‍ മറന്ന് കിണറ്റിലിറങ്ങി രക്ഷിച്ചത്. മോട്ടര്‍പുരയുടെ മുകളില്‍ വീണ നെല്ലിക്ക പെറുക്കാന്‍ കിണറിന്റെ ആള്‍മറയില്‍ ചവിട്ടി കയറിയപ്പോഴാണ് മുഹമ്മദ് ഹൈസിന്‍ കിണറ്റിലേക്ക് വീണത്. ഈ സമയം സുഹറയുടെ മകന്റെ മകള്‍ ഫിന്‍സയും (7) ഭര്‍ത്താവിന്റെ മറ്റൊരു സഹോദരന്റെ മകന്‍ ബാരിഷും (7) മോട്ടര്‍പുരയുടെ മുകളില്‍ ആയിരുന്നു. ഫൈസിന്‍ കിണറ്റില്‍ വീണതുകണ്ട ഇവരാണ് സുഹറയെ വിവരം അറിയിച്ചത്.
ഉടന്‍ തന്നെ സുഹറ കിണറ്റില്‍ ഇറങ്ങി കുട്ടിയെ വെള്ളത്തില്‍ നിന്നു കോരിയെടുത്തെങ്കിലും ശരീരം തളര്‍ന്ന് മുകളിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സുഹറ. കുട്ടിയെ മാറത്തണച്ച് കിണര്‍ റിങ്ങില്‍ പിടിച്ച് 10 മിനിറ്റോളം വെള്ളത്തില്‍ കിടന്നു. കുട്ടികളുടെ വിളികേട്ട് ഓടിയെത്തിയ ബന്ധു അഷ്‌കര്‍ ആണ് കിണറ്റില്‍ ഇറങ്ങി സുഹറയെയും ഹൈസിനെയും കരയ്ക്ക് കയറ്റിയത്. ഹൈസിനു ചെവിയില്‍ നിസ്സാര പരുക്കേയുള്ളൂ.