ട്രിപ്പോളി:അഗ്നിശമന സേനാംഗങ്ങളുമായി ‘ശൃംഗരിക്കാൻ’ രണ്ട് തവണ ബോധപൂർവ്വം കൃഷിയിടത്തിൽ തീയിട്ട 44 കാരിയായ യുവതി അറസ്റ്റില്‍. ഗ്രീസിലെ ട്രിപ്പോളിയിൽ നിന്നുള്ള സ്ത്രീയാണ് കെരാസിറ്റ്‌സയിലെ കൃഷിയിടത്തിൽ മനഃപൂർവം രണ്ട് തവണ തീയിട്ടത് . ഓഗസ്റ്റ് 24, 25 തീയതികളിലാണ് ഇവർ കൃഷിയിടത്തിന് തീയിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന് പിന്നിലെ ഇവരുടെ പങ്ക് വ്യക്തമായതോടെ ഓഗസ്റ്റ് 26 ന് ട്രിപ്പോളി പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അഗ്നിശമന സേനാംഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നതായിരുന്നു ഇവരുടെ ‘അസാധാരണമായ ഉദ്ദേശ’മെന്ന് പോലീസ് വെളിപ്പെടുത്തി. സേനാംഗങ്ങളുമായി പരിചയത്തിലായിക്കഴിഞ്ഞാൽ അവരില്‍ ആരെയെങ്കിലുമായി സൌഹൃദം സ്ഥാപിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ, തീപിടുത്തം ഉണ്ടായ രണ്ട് ദിവസവും യുവതിയുടെ സാന്നിധ്യം ആ പരിസരത്ത് കണ്ടത് അഗ്നിശമന സേനാംഗങ്ങൾക്കിടയിൽ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗ്രീസ് ഏഥൻസിൽ രൂക്ഷമായ കാട്ടുതീയെ പടർന്ന് പിടിച്ച് ആഴ്ചകൾക്ക് ശേഷമാണ് കെരാസിറ്റ്സയിൽ തീ കണ്ടെത്തിയത്. ഇത് അഗ്നിശമനസേനാംഗങ്ങള്‍ക്കിടിയില്‍ ആശങ്ക പടർത്തി. ശക്തമായ കാറ്റും കടുത്ത ഉഷ്ണതരംഗങ്ങളും ഉണ്ടായിരുന്നതിനാല്‍ അഗ്നിശമന സേനാംഗങ്ങള്‍ സമീപത്തെ താസക്കാരെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചു. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളാണ് തീ കെടുത്താനെത്തിയത്. ഗീസില്‍ അടുത്തകാലത്തായി വരണ്ട കാലാവസ്ഥയെ തുടർന്ന് നൂറ് കണക്കിന് തീ പിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെ്യപ്പെടുന്നത്.
സംഭവത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഇവർക്ക് 36 മാസം തടവും 1,000 യൂറോ (ഏകദേശം 92000 രൂപ) പിഴയും വിധിച്ചെന്ന് പ്രാദേശിക മാധ്യമമായ സ്കായ് ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ ജയിൽശിക്ഷ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെങ്കിലും, ഒരു നിശ്ചിത കാലയളവിനുള്ളിൽ അവൾ മറ്റൊരു കുറ്റകൃത്യം ചെയ്താൽ, പുതിയ ശിക്ഷയ്‌ക്കൊപ്പം ഈ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഭാഗ്യവശാൽ യുവതി സൃഷ്ടിച്ച തീപിടുത്തത്തിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിശമന സേനാംഗങ്ങളുടെ വേഗത്തിലുള്ള ഇടപെടലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.