CrimeKeralaNews

അടിമാലിയിൽ 39കാരൻ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി

അടിമാലി: വിവാഹം നടക്കാത്തതിന്റെ വിഷമത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ഇടുക്കി അടിമാലി ടൗണിലാണ് സംഭവം. അടിമാലി അമ്പലപ്പടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി തെക്കേകൈതക്കൽ ജിനീഷ് (39) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

കൈയിൽ കരുതിയിരുന്ന പെട്രോളുമായി യുവാവ് അടിമാലി സെൻട്രൽ ജംഗ്ഷനിലുള്ള ഹൈമാക്സ് ലൈറ്റിന് താഴെ എത്തുകയും സ്വയം ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ചാക്ക് നനച്ചും മണൽ വാരി എറിഞ്ഞും തീ അണയ്‌ക്കാൻ ശ്രമം നടത്തിയെങ്കിലും ജിനീഷിന്റെ തൊലി മുഴുവൻ നഷ്ടപ്പെട്ട് കാര്യമായി പൊള്ളലേറ്റിരുന്നു. തുടർന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയി.

ജിനീഷിന് മാതാവും സഹോദരനുമാണുള്ളത്. സഹോദരനും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതിൽ വലിയ വിഷമമുണ്ടെന്ന് ഇയാൾ പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യാ ശ്രമത്തിലേയ്‌ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് വരികയാണ് ജിനീഷ്.

കഴിഞ്ഞ വർഷം മൈസൂരിലെ ചാമരാജനഗർ ജില്ലയിലും സമാനമായ സംഭവമുണ്ടായിരുന്നു. ബംഗളൂരുവിൽ ഫാക്ടറി ജീവനക്കാരനായ ഹാനൂർ നിവാസി വിനോദ് (34) ആണ് വിവാഹം നടക്കാത്ത ദുഃഖത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സഹോദരീസഹോദരന്മാരുടെയും വിവാഹം കഴിഞ്ഞിട്ടും തന്റെ വിവാഹം മാത്രം നീണ്ട് പോകുന്നതിൽ ഇയാൾ അസ്വസ്ഥനായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് കടുത്ത മദ്യപാനിയായി മാറുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker