KeralaNews

25 കോടിയുടെ ബമ്പർ ലോട്ടറിയുമായി അൽത്താഫ് വയനാട്ടിലെത്തി, സെൽഫി പകർത്തിയും എടുത്തുയർത്തിയും സ്വീകരണം

കൽപ്പറ്റ: ഈ വർഷത്തെ തിരുവോണം ബമ്പർ വിജയി കർണാടക സ്വദേശി അൽത്താഫ് ടിക്കറ്റുമായി വയനാട്ടിലെത്തി. കൽപ്പറ്റ എസ്.ബി.ഐ ബ്രാഞ്ചിലെത്തിയ അദ്ദേഹം ലോട്ടറി ടിക്കറ്റ് കൈമാറി. ബാങ്ക് മാനേജർ പറയുന്നതെന്താണെന്ന് നോക്കിയശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് അൽത്താഫ് പ്രതികരിച്ചു. പ്രതീക്ഷിച്ചിരുന്നില്ല ഈ ഭാ​ഗ്യം, എല്ലാം ദൈവം തരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് ലോട്ടറിയടിച്ചത് അൽത്താഫിനാണെന്ന വിവരം പുറത്തുവന്നത്. ഇതിനുശേഷം നേട്ടത്തിൽ സന്തോഷമറിയിച്ച് അദ്ദേഹത്തിന്റെ കുടുംബവും രം​ഗത്തെത്തി. ഇതിനുപിന്നാലെയാണ് വൈകിട്ടോടെ അൽത്താഫ് വയനാട്ടിലെത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് അൽത്താഫ് വയനാട്ടിലെത്തിയത്. ലോട്ടറിയുമായി എത്തിയ അൽത്താഫിന് താരപരിവേഷമായിരുന്നു വയനാട്ടിൽ. നിരവധി പേർ ഹസ്തദാനം നൽകാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും മത്സരിച്ചു. ചി‌ലരാകട്ടെ അദ്ദേഹത്തെ എടുത്തുയർത്തുകയും ചെയ്തു.

പ്രതികരണം ആരാഞ്ഞപ്പോൾ മലയാളമറിയില്ലെന്നുപറഞ്ഞ അദ്ദേഹം കന്നഡയിൽത്തന്നെ സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന മീനങ്ങാടിയിൽ താമസിക്കുന്ന ബന്ധുവാണ് അദ്ദേഹത്തിന്റെ വാക്കുകൾ മലയാളത്തിൽ വിശദീകരിച്ചത്. “അൽത്താഫ് എന്റെ സഹോദരനാണ്. കേരളത്തിൽത്തന്നെയാണ് ബാങ്ക് അക്കൗണ്ട് തുറക്കുന്നത്. അൽത്താഫിന് ഇവിടെ ബാങ്ക് അക്കൗണ്ടില്ല. അതിനുള്ള നടപടികളെടുക്കാമെന്ന് ബാങ്കിൽനിന്ന് പറഞ്ഞിട്ടുണ്ട്. കേരള സർക്കാരിൽ വിശ്വാസമുണ്ട്. ആദ്യമൊന്ന് ടെൻഷനായെങ്കിലും ഇപ്പോൾ ആശ്വാസമുണ്ട്.” ബന്ധു വിശദീകരിച്ചു.

കർണാടക പാണ്ഡ്യപുര സ്വദേശിയാണ് അൽത്താഫ്. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എന്‍.ജി.ആറിന് ടിക്കറ്റ് നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker