KeralaNews

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ തട്ടിയെടുത്ത കേസില്‍ സുനില്‍ ദംഗി (48), ശീതള്‍ കുമാര്‍ മേഹ്ത്ത (28) എന്നിവരെയാണ് ബഡി സാദരിയില്‍ പിടികൂടിയത്. 

കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടെന്നും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും സഹായിക്കണമെന്നും അറിയിച്ചാണ് പ്രതി ഡോക്ടറെ ബന്ധപ്പെട്ടത്. വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും സമൂഹമാധ്യമത്തിലൂടെ അയച്ച് സഹതാപം പിടിച്ചുപറ്റിയാണ് പണം തട്ടിയെടുക്കാൻ ആരംഭിച്ചത്.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കുടുംബസ്വത്ത് വിറ്റ് തിരികെ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായികകലാപ സാഹചര്യമുണ്ടായി എന്നും ആത്മഹത്യയും കൊലപാതകവും നടന്നു എന്നും അറിയിച്ചു. പരാതി നൽകിയ ഡോക്ടർ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നും  ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടി. 

പ്രതികള്‍ രാജസ്ഥാനിലെ ബഡി സാദരി, ചിറ്റോര്‍ഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിന്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. തട്ടിയെടുത്ത പണം രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചൂതാട്ടകേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ഗെയ്മിങ് സൈറ്റുകളിലും ചെലവഴിക്കുന്നതായി കണ്ടെത്തി. 

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു. അമിത് ജെയിന്‍ എന്ന്  പരിചയപ്പെടുത്തിയ പ്രതി കഴിഞ്ഞ ജനുവരി മുതലാണ് പണം തട്ടാൻ ആരംഭിച്ചത്. ഡോക്ടറുടെ മകൻ വിവരം അറിഞ്ഞപ്പോൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മിഷണർ അരുണ്‍ കെ.പവിത്രന്റെ നിര്‍ദേശപ്രകാരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അങ്കിത് സിങ്ങിന്റെ നേതൃത്വത്തിൽ ഇന്‍സ്പെക്ടര്‍ കെ.ആർ.രഞ്ജിത്, എഎസ്ഐമാരായ ജിതേഷ് കൊള്ളങ്ങോട്ട്, രാജേഷ്‌ ചാലിക്കര, സീനിയര്‍ സിവില്‍ പൊലീസ് ഓഫിര്‍മാരായ കെ.എം.നൗഫല്‍, കെ.ആർ.ഫെബിന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker