InternationalNews

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ബെയ്‌റൂട്ടില്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു; വിമാനങ്ങള്‍ റദ്ദാക്കി; പൗരന്മാര്‍ രാജ്യം വിടണമെന്ന് യു എസ്

ബെയ്‌റൂട്ട്: ലബനനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ തലസ്ഥാന നഗരമായ ബെയ്‌റൂട്ടില്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹിസ്ബുല്ലയുടെ റോക്കറ്റ് വിഭാഗം പ്രധാനിയായ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടെന്ന് ലബനനിലെ സുരക്ഷാസംഘത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖുബൈസിയെ കൂടാതെ ആറു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം, 15 പേര്‍ക്ക് പരുക്കേറ്റു.

തുടര്‍ച്ചയായ രണ്ടാം ദിനവും ഈ ആഴ്ചയില്‍ മൂന്നാം തവണയുമാണ് ബെയ്‌റൂട്ടിനു നേരെ ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ബെയ്‌റൂട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല കമാന്‍ഡറെ കൃത്യമായി ലക്ഷ്യംവച്ചുള്ള ആക്രമണമാണ് നടന്നതെന്ന് ഇസ്രയേല്‍ സേന അറിയിച്ചു. ബെയ്‌റൂട്ടിലെ ഗോയ്‌ബെറിയിലെ ഒരു കെട്ടിടത്തിന്റെ മുകല്‍ നിലയില്‍ മിസൈല്‍ പതിക്കുന്നതും അവിടെനിന്ന് തീയും പുകയും ഉയരുന്നതുമായ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നു. കെട്ടിടത്തിന്റെ രണ്ടു നില തകര്‍ന്നതായാണ് വിവരം.

ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ബെയ്‌റൂട്ടിലേക്കുള്ള വിമാനങ്ങള്‍ വിവിധ രാജ്യങ്ങള്‍ റദ്ദാക്കി. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനിഎന്നീ രാജ്യങ്ങളാണ് ലെബനന്‍ തലസ്ഥാനത്തേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ഗള്‍ഫ് എയര്‍ലൈന്‍സ് ,എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ലെബനനിലുള്ള പൗരന്മാരോട് രാജ്യം വിടാന്‍ അമേരിക്ക നിര്‍ദേശിച്ചു.

യുദ്ധം അവസാനിപ്പിക്കണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു. ഇന്ന് ബെയ്‌റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ളയ്ക്കെതിരായ വ്യോമാക്രമണം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ലെബനന്‍ പൗരന്മാരോട് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു.

ലബനനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് ഇസ്രയേല്‍ വിവിധ ഇടങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി. മരണപ്പെട്ടവരില്‍ 50 പേര്‍ കുട്ടികളാണ്. രണ്ടു ദിവസമായി നടക്കുന്ന ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1835 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മുന്നൂറിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്.

ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ ഹിസ്ബുല്ലയ്ക്ക് കഴിയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍ പ്രതികരിച്ചു. പാശ്ചാത്ത്യ രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും എല്ലാവിധത്തിലുള്ള പിന്തുണയും ലഭിക്കുന്ന രാജ്യമാണ് ഇസ്രായേല്‍. ഇവരെല്ലാം ഇസ്രായേലിനെ പ്രതിരോധിക്കുകയും പിന്തുണയ്ക്കുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് ഒരു അഭിമുഖത്തില്‍ മസൂദ് പെസഷ്‌കിയന്‍ പറഞ്ഞു.

ഹിസ്ബുല്ലയ്ക്ക് ഇറാന്‍ പിന്തുണ നല്‍കുമോ എന്ന ചോദ്യത്തോട് ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റാന്‍ അനുവദിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണെന്നായിരുന്നു മസൂദ് പെസഷ്‌കിയന്റെ മറുപടി. വാര്‍ഷിക യുഎന്‍ ജനറല്‍ അസംബ്ലിക്കായി ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ ഇസ്രായേലിനെതിരെ ഐക്യരാഷ്ട്രസഭ നിഷ്‌ക്രിയമായി തുടരുന്നതിനെ താന്‍ അപലപിച്ചെന്നും മിഡില്‍ ഈസ്റ്റില്‍ ഉടനീളം സംഘര്‍ഷം വ്യാപിക്കുന്നതില്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ഹിസ്ബുല്ലയുടെ പേജറുകളും വോക്കി-ടോക്കികളും പൊട്ടിത്തെറിച്ച് 39 പേര്‍ കൊല്ലപ്പെടുകയും 3,000-ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരോപിച്ചു. എന്നാല്‍, സ്‌ഫോടനത്തിന് പിന്നില്‍ പങ്കുണ്ടെന്നോ ഇല്ലെന്നോ പ്രതികരിക്കാന്‍ ഇസ്രായേല്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെ ഹിസ്ബുല്ല ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം നടത്തിയിരുന്നു. മറുപടിയായി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker