ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.
തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.
അൻവറിനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയതിനു പിന്നാലെയാണ് പാർട്ടിയും നിലപാട് വ്യക്തമാക്കുന്നത്. പി.വി. അൻവർ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. പരാതി പാര്‍ട്ടിയും സര്‍ക്കാരും അന്വേഷിക്കുന്ന സാഹചര്യത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.
സർക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കിയ വെളിപ്പെടുത്തൽ നടത്തിയ പി.വി. അൻവറിനെ ശനിയാഴ്ചത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒപ്പമുള്ള എം.എൽ.എ. എന്ന നിലയിൽ അൻവർ ചെയ്യേണ്ടിയിരുന്നത് പ്രശ്നം പാർട്ടിയുടെയും തന്റെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അതിനുശേഷം മതിയായിരുന്നു പരസ്യനടപടിയെന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെ തത്‌കാലം തൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെപേരിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ആരോപണത്തിൽ അന്വേഷണംനടത്തി കഴമ്പുണ്ടെന്നു കണ്ടാൽമാത്രം നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ,മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ പി.വി. അൻവറും പത്രസമ്മേളനം വിളിച്ചു. കടുത്ത ഭാഷയിൽ തന്നെ തനിക്ക് വ്യക്തമാക്കാനുള്ള കാര്യങ്ങൾ എം.എൽ.എ. പറഞ്ഞു. മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണ്. അദ്ദേഹം പുനഃപരിശോധന നടത്തണം. പാർട്ടിക്ക് തന്നെ വേണ്ടെന്ന് തോന്നിയാൽ അപ്പോൾ തന്റെവഴി നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവന
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്.
ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണ്. വസ്‌തുതകള്‍ ഇതായിരിക്കെ സർക്കാരിനും, പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട് പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.
പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ടി ശത്രുക്കള്‍ക്ക് സർക്കാരിനേയും, പാര്‍ട്ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിക്കുന്നു.