ഗംഗാവലി പുഴയില്‍നിന്ന് എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ഗംഗാവലി നദിയില്‍നിന്ന് ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് ഭാരത് ബെൻസിന്റെ എൻജിനായിരുന്നു. എന്നാൽ, ഇപ്പോൾ ലഭിച്ചിരിക്കുന്നത് ടാറ്റയുടെ എൻജിനാണ്. ഇത് ടാങ്കറിന്റേതാണോ അല്ലെങ്കിൽ, മറ്റേതെങ്കിലും ലോറിയുടേതാണോ എന്ന് പറയാനാകില്ലെന്നും മനാഫ് വ്യക്തമാക്കി. ഈ എന്‍ജിന്‍ ഇപ്പോൾ പുറത്തേക്കെത്തിച്ചിട്ടുണ്ട്.
ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനൊപ്പം മുങ്ങല്‍വിദഗ്ധന്‍ ഈശ്വർ മാൽപെയും സംഘവും സ്ഥലത്തുണ്ട്. ഈശ്വറിന്റെ നേതൃത്വത്തിൽ ഇപ്പോഴും പ്രദേശത്ത് മുങ്ങിത്താഴ്ന്നു പരിശോധിക്കുകയാണ്. അർജുന്റെ ലോറിയിലുണ്ടായിരുന്നു തടികൾ ഇവർക്ക് ലഭിച്ചിരുന്നു.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്‌നം.
പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.