FeaturedHome-bannerKeralaNews

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട് നടിയെ. ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരികെ അമേരിക്കയിലേക്ക് മടങ്ങി. ഇപ്പോള്‍ ഇളയ സഹോദരനും കുടുംബുമാണ് പൊന്നമ്മയെ നോക്കാനുള്ളത്. സിനിമാപ്രവര്‍ത്തകരും ആരോഗ്യ വിവരം തിരിക്കുന്നുണ്ട്. മലയാളത്തിലെ മുതിര്‍ന്ന താരങ്ങളുടെ പോലും അമ്മ വേഷത്തില്‍ ശ്രദ്ധേയയായ കവിയൂര്‍ പൊന്നമ്മക്കായുള്ള പ്രാര്‍ഥനയിലാണ് മലയാളം താരങ്ങളും.

എഴുനൂറില്‍പരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. അടുത്തകാലത്ത് കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന സമൂഹമാധ്യമങ്ങളില്‍ കവിയൂര്‍ പൊന്നയെ കുറിച്ചു വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ തള്ളി അവര്‍ തന്നെ രംഗത്തുവരികയുണ്ടായി. തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വര്‍ഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങള്‍ നോക്കുന്നതെന്നും കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കിയിരുന്നു.

മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കവിയൂര്‍ പൊന്നമ്മ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു. ശാരദയും സീമയും 'അമ്മ'യില്‍ നിന്ന് ഇടവേള ബാബുവും അടക്കമുള്ളവര്‍ പൊന്നമ്മയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കി വിളിച്ചിരുന്നു. അഭിനയലോകത്ത് മലയാളത്തില്‍ പകരം വെക്കാനില്ലാത്ത നടിയാണ് കവിയൂര്‍ പൊന്നമ്മ.

നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. മലയാളസിനിമയുടെ അമ്മയായിട്ടാണ് കവിയൂര്‍ പൊന്നമ്മയെ ഇന്നും സിനിമാപ്രേമികള്‍ കാണുന്നത്.

നെറ്റിയിലൊരു വട്ടപ്പൊട്ടും, ചിരിച്ച മുഖവും അത് തന്നെയാണ് താരത്തെ ഓര്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍. മോഹന്‍ലാലിന്റെ അമ്മ വേഷങ്ങളില്‍ കവിയൂര്‍ പൊന്നമ്മ ഏറെ ശ്രദ്ധനേടിയിരുന്നു. യഥാര്‍ത്ഥത്തില്‍ കവിയൂര്‍ പൊന്നമ്മ മോഹന്‍ലാലിന്റെ അമ്മയാണോയെന്ന് വരെ ചിലര്‍ സംശയിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നു എന്നാണ് സിനിമാ ലോകവും പറഞ്ഞിരുന്നത്.

നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ താരം കരിയറിന്റെ തുടക്കത്തില്‍ തന്നെ അമ്മ വേഷവും അവതരിപ്പിച്ചിരുന്നു . നിര്‍മ്മാതാവായ മണിസ്വാമിയെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം ചെയ്തത്. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് മുന്‍പ് കവിയൂര്‍ പൊന്നമ്മ തുറന്നുപറഞ്ഞിരുന്നു. ബിന്ദു മണിസ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഏകമകള്‍. അമേരിക്കയില്‍ രണ്ടുമക്കള്‍ക്കും, ഭര്‍ത്താവിനും ഒപ്പം സെറ്റില്‍ഡാണ് ബിന്ദു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker