KeralaNews

ആറ്റിങ്ങലില്‍ ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടി;കരവാരം പഞ്ചായത്തിൽ ബിജെപി വൈസ് പ്രസിഡൻറടക്കം രാജിവെച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ മേഖലയിൽ ബി.ജെ.പി. ഭരിക്കുന്ന ഏക പഞ്ചായത്തായ കരവാരത്ത് വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയും രാജിവെച്ചു. വൈസ് പ്രസിഡന്റ് എസ്.സിന്ധു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.തങ്കമണി എന്നിവരാണ് ബുധനാഴ്ച പഞ്ചായത്തംഗത്വം രാജിവെച്ചത്. സി.പി.എമ്മിൽ ചേർന്നു പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു.

അംഗങ്ങളുടെ രാജി സ്വീകരിച്ചതായും വിവരം വരണാധികാരിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിച്ചതായും സെക്രട്ടറി അറിയിച്ചു. പഞ്ചായത്തിലാകെ 18 വാർഡുകളാണുള്ളത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പി.-09, സി.പി.എം.-05, കോൺഗ്രസ്-02, എസ്.ഡി.പി.ഐ.-02 എന്നിങ്ങനെയാണ് കക്ഷിനില. രണ്ടംഗങ്ങളുടെ രാജിയോടെ ബി.ജെ.പി.യുടെ അംഗബലം ഏഴായി കുറഞ്ഞു.

ബി.ജെ.പി.യിൽ കടുത്ത അവഗണനയും മാനസികപീഡനവുമാണ് സ്ത്രീകൾ നേരിടുന്നതെന്ന് കരവാരം പഞ്ചായത്തിലും ആറ്റിങ്ങൽ നഗരസഭയിലുംനിന്ന്‌ രാജിവെച്ച വനിതാ ജനപ്രതിനിധികൾ ആരോപിച്ചു. കരവാരം പഞ്ചായത്തംഗത്വം രാജിവെച്ച വൈസ് പ്രസിഡന്റായിരുന്ന എസ്.സിന്ധു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന തങ്കമണി, ആറ്റിങ്ങൽ നഗരസഭയിൽനിന്ന്‌ ഒരുമാസം മുമ്പ് രാജിവെച്ച സംഗീതാറാണി എന്നിവരാണ് ബി.ജെ.പി. നേതൃത്വത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത്.

എൽ.ഡി.എഫ്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ബി.ജെ.പി. നേതൃത്വത്തിനെതിരേ പ്രതികരിച്ചത്. മൂന്നുപേരും സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എസ്.സിന്ധുവിനെ പൊതുജനമധ്യത്തിലും സമൂഹമാധ്യമങ്ങളിലൂടെയും പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഉല്ലാസ് എന്നിവർ അവഹേളിച്ചതായാണ് ആരോപണം.

ഇതുസംബന്ധിച്ച് പാർട്ടി ജില്ലാ പ്രസിഡന്റടക്കമുള്ളവർക്ക് പരാതികൾ നല്കിയെങ്കിലും നടപടിയുണ്ടായില്ല. പ്രസിഡന്റിനെതിരേ നഗരൂർ പോലീസ് സ്റ്റേഷനിലും ആറ്റിങ്ങൽ ഡിവൈ.എസ്.പി.ക്കും പരാതി നല്കിയിട്ടുണ്ടെന്നും സിന്ധു പറഞ്ഞു. പത്രസമ്മേളനത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ, എ.എ.റഹീം എം.പി., ആർ.രാമു എന്നിവരും പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button