CrimeKeralaNews

വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസ്; രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു. നെടുമങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന കിരൺ കുമാർ, പൊൻമുടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന വിനീത് എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇരുവരും നേരത്തെ സസ്പെൻഷനിലായിരുന്നു. പൊലീസ് വേഷം ധരിച്ചെത്തിയാണ് ഇവർ വ്യാപാരിയായ മുജീബിനെ തട്ടികൊണ്ടുപോയത്.

കാട്ടാക്കട മാർക്കറ്റ് ജംക്‌ഷനിൽ ഇലക്ട്രോണിക് കട നടത്തുന്ന മുജീബ് കടപൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് കാറിൽ പിന്തുടർന്ന സംഘം രാത്രി പത്തോടെ പൂവച്ചൽ ജംക്‌ഷനു സമീപം കാർ തടഞ്ഞു നിർത്തിയത്. കാറിലെത്തി തടഞ്ഞവർ പൊലീസ് വേഷത്തിലായിരുന്നു. ഇഡി ഉദ്യോഗസ്ഥരാണെന്നാണ് മുജീബിനോട് പറഞ്ഞത്. കയ്യിൽ തോക്കുണ്ടായിരുന്നു. വിലങ്ങിട്ടശേഷം മുജീബിനെ ഭീഷണിപ്പെടുത്തി. ബഹളമുണ്ടാക്കിയതോടെ ഇവർ കടന്നു കളഞ്ഞു. 

കാറിനുള്ളിൽ സ്റ്റിയറിങിലും ഡ്രൈവർ സീറ്റിനു മുകളിലുള്ള കൈപ്പിടിയിലുമാണ് വിലങ്ങുകൊണ്ട് ഇരു കൈകളും ബന്ധിച്ചിരുന്നത്. മുജീബ് കാറിൽ ദീർഘമായി ഹോണടിച്ച ശബ്ദം കേട്ടെത്തിയ നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസെത്തിയാണ് വിലങ്ങ് അഴിച്ചത്.

സിസിടിവിയും വിലങ്ങ് വാങ്ങിയ കട കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. വ്യാപാര സ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ വിനീത് സസ്പെൻഷനിലായിരുന്നു. കടബാധ്യത തീർക്കാനാണ് വ്യാപാരിയെ തട്ടികൊണ്ടുപോയത്. ഇവരുടെ സുഹൃത്തും ആംബുലൻസ് ഡ്രൈവറുമായ അരുണിനെയും കേസിൽ അറസ്റ്റു ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button