International

‘മരണത്തിൽ വിലപിക്കരുത്, ആഘോഷിക്കുക’; ഇറാനിൽ തൂക്കിലേറ്റിയ റഹ്നാവാദിന്റെ അവസാന വീഡിയോ പുറത്ത്

ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട 23-കാരന്‍ മജിദ്‌റെസ റഹ്നാവാദ് തന്റെ അന്ത്യാഭിലാഷമായി നല്‍കിയ നിര്‍ദേശങ്ങള്‍ പുറത്ത്. ആരും തന്റെ മരണത്തില്‍ വിലപിക്കരുതെന്നും ശവകുടീരത്തിന് മുന്നില്‍ ഖുറാന്‍ വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുതെന്നും മരണം ആഘോഷിക്കുകയാണ് വേണ്ടതെന്നും റഹ്നാവാദ് ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നത്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയാണിത്.

മഷ്ഹാദ് നഗരത്തില്‍ തിങ്കളാഴ്ച തൂക്കിലേറ്റിയ റഹ്നാവാദിന്റെ ഈ വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്തുവന്നത്. മുഖംമൂടി ധരിച്ച രണ്ട് കാവല്‍ക്കാര്‍ക്കൊപ്പം കണ്ണ് കെട്ടിയാണ് വീഡിയോയില്‍ റഹ്നാവാദ് സംസാരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പും സധൈര്യം സംസാരിക്കുന്ന റഹ്നാവാദിന്റെ വീഡിയോ മനുഷ്യാവകാശ പ്രവര്‍ത്തകയും ബെല്‍ജിയന്‍ പാര്‍ലമെന്റ് എംപിയുമായ ധര്യ സഫായിയാണ് ട്വീറ്റ് ചെയ്തത്.

‘എന്റെ മരണത്തില്‍ ആരും വിലപിക്കരുത്. ശവകുടീരത്തിന് മുന്നില്‍ ഖുറാന്‍ വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുത്. ആഘോഷം മതി. ആഘോഷ ഗീതങ്ങളും മുഴങ്ങണം’, വീഡിയോയില്‍ റഹ്നാവാദ് പറയുന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് സുരക്ഷാ ഭടന്‍മാരെ കുത്തിക്കൊല്ലുകയും നാല് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് റഹ്നാവാദിനെ ഇറാന്‍ സര്‍ക്കാര്‍ തൂക്കിലേറ്റിയത്. വധശിക്ഷ വിധിച്ച് ദിവസങ്ങള്‍ക്കകം തന്നെയാണ് ശിക്ഷ നടപ്പാക്കിയതും. റഹ്നാവാദിനെ തൂക്കിക്കൊന്ന ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ പോലും അധികൃതര്‍ വിവരം അറിയിച്ചതെന്നും ആക്ഷേപമുണ്ട്. സുരക്ഷാ ഭടന്‍മാരെ ആക്രമിച്ചുവെന്ന കുറ്റം ചുമത്തി പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു യുവാവിനേയും ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ തൂക്കിക്കൊന്നിരുന്നു.

ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണംപറഞ്ഞ് മതപോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് വംശജയായ മഹ്‌സ അമിനി എന്ന യുവതി സെപ്റ്റംബര്‍ 16-ന് മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ വലിയ പ്രക്ഷോഭം ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button