KeralaNews

ചാന്‍സിലര്‍ ബില്‍:പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു; ചരിത്രം മാപ്പ് നൽകില്ലെന്ന് മന്ത്രി രാജീവ്

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ സംസ്ഥാന നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ചർച്ച. വിരമിച്ച ജഡ്ജിമാര്‍ ചാന്‍സലറാകണമെന്നാണ് പ്രതിപക്ഷം ബദല്‍ നിര്‍ദേശിച്ടത്. എന്നാല്‍, വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി പി രാജീവ് പ്രതിരോധിച്ചു. അതേസമയം വിസിമാരെ നിയമിക്കാനുള്ള സമിതിയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പകരം നിയമസഭാ സ്പീക്കറാവാമെന്ന് ഇരുപക്ഷവും തമ്മിൽ ധാരണയായി. എന്നാൽ ചാൻസലർ സ്ഥാനത്തേക്ക് വിരമിച്ച ജഡ്ജിമാർ തന്നെ വേണമെന്ന് പ്രതിപക്ഷം കടുംപിടിത്തം തുടർന്നു. ഇത് ഭരണപക്ഷം അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചരിത്രം മാപ്പ് നൽകില്ലെന്ന് പ്രതിപക്ഷത്തോട് പി രാജീവ് പറഞ്ഞു. തുടർന്ന് നിയമസഭ ബില്ല് പാസാക്കി.

വിസിമാർ രാജി വെക്കേണ്ടതില്ലെന്ന കെസി വേണുഗോപാലിന്റെ പ്രസ്താവന ഉന്നയിച്ചാണ് പി രാജീവ് സംസാരിച്ചത്. മുസ്ലിം ലീഗാണ് ഗവർണ്ണറുടെ രാഷ്ട്രീയ നീക്കം ആദ്യം തിരിച്ചറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ എല്ലാവരും യോജിക്കുന്നത് നല്ല കാര്യമാണ്. എത്ര ചാൻസലർമാർ സംസ്ഥാനത്ത് വേണമെന്ന് ഇപ്പോൾ അന്തിമമായി തീരുമാനിച്ചിട്ടില്ല. ഓരോ സർവ്വകലാശാലയുടെയും നിയമം ഭേദഗതി ചെയ്യുമ്പോൾ അത് തീരുമാനിക്കാമെന്ന് മന്ത്രി പറഞ്ഞു.

ചാൻസലർ കരട് ബിൽ വായിച്ചാൽ ഒരുപാട് ചാൻസലർമാർ ഉണ്ടാകുമെന്നാണ് തോന്നുന്നതെന്നും ഒരൊറ്റ ചാൻസലർ മതിയെന്നുമുള്ള നിർദ്ദേശം വിഡി സതീശൻ വീണ്ടും ആവർത്തിച്ചു. പ്രാഗത്ഭ്യം ഉള്ളവരെ നിയമിക്കുമെന്ന് പറയുമ്പോൾ തന്നെ യോഗ്യത ഉയർന്നതാകുമെന്നാണ് അർത്ഥമെന്ന് മന്ത്രി വിശദീകരിച്ചു. വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യത്തിലും അവസാന വാക്കാകുമെന്ന് കരുതുന്നില്ല. ധൈഷണിക നേതൃത്വമാണ് ചാൻലറാകേണ്ടത്. നിയമനത്തിന് ഒരു സമിതി എന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം നല്ലതെന്നും എന്നാൽ സമിതി നിർദ്ദേശിക്കുന്ന വ്യക്തിക്കെതിരെ ആർക്കും കോടതിയിൽ പോകാനാകുമെന്നും മന്ത്രി പറഞ്ഞു. 

സമിതിയിൽ ഭിന്ന നിലപാട് ഉണ്ടെങ്കിലും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. അതിനാൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരുൾപ്പെട്ട മൂന്നംഗ സമിതിയെ വെക്കാമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം സ്പീക്കർ എന്ന നിലപാട് സ്വാഗതാർഹമാണെന്ന് വിഡി സതീശൻ വ്യക്തമാക്കി. എന്നാൽ ചാൻസലറായി നിയമിക്കേണ്ടത് വിരമിച്ച ജഡ്ജിമാരെ വേണമെന്ന് പ്രതിപക്ഷ നേതാവ് വീണ്ടും ആവശ്യപ്പെട്ടു.

പ്രതിപക്ഷം ബില്ലിനെ അനുകൂലിക്കണം എന്ന് നിയമ മന്ത്രി ആവശ്യപ്പെട്ടു. മാർക്സിസ്റ്റ് വൽക്കരണത്തെ പ്രതിപക്ഷം ഭയക്കുന്നുവെന്ന് വിഡി സതീശൻ വ്യക്തമാക്കി. ആര് ചാൻസലറാകണമെന്നതിൽ തുടർന്നും തർക്കമുണ്ടായി. വിദ്യാഭ്യാസ വിദഗ്ദൻ എന്ന സർക്കാർ പ്രതിപക്ഷം അംഗീകരിച്ചില്ല. വിദ്യാഭ്യാസ വിദഗ്ദന്റെ പേരിൽ പാർട്ടി നിയമനം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് തുടർന്നും പറഞ്ഞു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാം. പകരക്കാരുടെ കാര്യത്തിലാണ് ആശങ്കയെന്ന് പ്രതിപക്ഷം പറഞ്ഞു. പിന്നീട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചരിത്രം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് മന്ത്രി രാജീവ് തിരിച്ചടിച്ചു. സങ്കുചിതമായ രാഷ്ട്രീയ താല്പര്യമാണ് പ്രതിപക്ഷത്തിനെന്ന് രാജീവ് കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button