CrimeKeralaNews

കിടപ്പുരോഗിയുടെ വീഡിയോ പ്രചരിപ്പിച്ച് ‘ചാരിറ്റി’ തട്ടിപ്പ്; തലസ്ഥാനത്ത് നാല് പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ചാരിറ്റി വീഡിയോയുടെ പേരിൽ പണം തട്ടിയെടുത്തതിന് നാലുപേർക്കെതിരെ കേസെടുത്ത് തിരുവനന്തപുരം പോത്തൻകോട് പൊലീസ്. കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് ഒരു ലക്ഷത്തിന് മുപ്പതിനായിരം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. വിസ്മയ ന്യൂസ് എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് നടപടി.

2018 ലാണ് ഇന്ദിരയുടെ മകന്‍ ഷിജു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്. മരുന്നും ഭക്ഷണവും പോലും കൊടുക്കാന്‍ പറ്റാതിരുന്ന ഈ ദരിദ്ര കുടുംബത്തെത്തേടിയാണ് വിസ്മയ ന്യൂസ് എന്ന് പേരില്‍ 
സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ഇടുന്ന സംഘം എത്തുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം 13 രാത്രി 11.30 ന് മംഗലപുരം സ്വദേശി അനീഷും രജിത്ത് കാര്യത്തില്‍ എന്നയാളും വന്ന് വീഡിയോ എടുത്തു. ഏഴായിരം രൂപ വീഡിയോ എടുക്കാനായി സംഘം പ്രതിഫലം വാങ്ങിയെന്ന് ഇന്ദിര പറയുന്നു.

വീഡിയോ വന്നതിന് ശേഷം ഷിജുവിൻറെ സഹോദരിയുടെ അക്കൗണ്ടിലേക്ക് പലരും സഹായമായി ഒന്നരലക്ഷം രൂപ അയച്ചു. എന്നാല്‍ ഈ തുകയിൽ നിന്നും വിവിധ തവണകളായി രജിത്തും സംഘവും ഒരുലക്ഷത്തി മൂപ്പതിനായിരം രൂപ വാങ്ങിയെന്നാണ് പരാതി. അഞ്ചലിലെ അജിത്ത് എന്ന രോഗിക്ക് കൊടുക്കണം എന്ന് ആവശ്യപ്പെട്ടാണ് സംഘം ഷിജുവിന്‍റെ പക്കല്‍ നിന്നും പണം വാങ്ങിയത്. ദുരവസ്ഥ കണ്ട് പലരും സഹായിച്ചെങ്കിലും ഷിജുവിന് ആകെ കിട്ടിയത് ഇരുപതിനായിരം രൂപയില്‍ താഴെ മാത്രമാണ്.

വാങ്ങിയ പണം തിരിച്ചുചോദിച്ച് വിളിച്ചപ്പോള്‍ വിസ്മയ ന്യൂസ് പ്രതിനിധികളായ രജിത്ത് കാര്യത്തിലും അനീഷ് മംഗലപുരവും രജനീഷും കൈമലര്‍ത്തി. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതിനെ തുടർന്നാണ് ഷിജുവിൻറെ സഹോദരി ഷീബ പൊലീസിൽ പരാതിപ്പെട്ടത്. 
പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് ബോധ്യമായതിനെ തുടർന്നാണ് വിസ്മയ ന്യൂസ് എന്ന പേരിൽ ചാരിറ്റി വീഡിയോ തയ്യാറാക്കുന്ന ജിത്ത് കാര്യത്തില്‍, അനീഷ് മംഗലപുരം, രജനീഷ് എന്നിവർക്കെതിരെ കേസെടുത്തത്. 

വഞ്ചന നടത്തിയതിനാണ് കേസ്. കേസിനെ കുറിച്ച് ചോദിച്ചപ്പോൾ ആരുടെയും പണം തട്ടിയെടുത്തില്ല എന്നായിരുന്നു വിസ്മയ എന്ന സാമൂഹിക മാധ്യമം നടത്തിപ്പുകാരുടെ പ്രതികരണം. ചികില്‍സിച്ച് ചികില്‍സിച്ച് എല്ലാം നഷ്ടപ്പെട്ട അതി ദരിദ്രരോടാണ് ഈ സംഘത്തിന്‍റെ ക്രൂരത. മനസ്സലിവ് തോന്നി ആളുകള്‍ രോഗികള്‍ക്ക് അയച്ചുകൊടുക്കുന്ന പണമാണ് ചാരിറ്റി വീഡിയോ സംഘം തട്ടിയെടുക്കുന്നത്.  ചാരിറ്റി വീഡിയോയുടെ പേരിൽ ഈ സംഘം കൂടുതൽ രോഗികളെ പറ്റിച്ചോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button