KeralaNews

കെഎസ്ആർടിസി ബസ് കുഴിയിൽ ചാടി; പുറത്തേക്ക് തെറിച്ച വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

നെടുങ്കണ്ടം:ഗട്ടറിൽ ചാടിയ കെഎസ്ആർടിസി ബസിന്റെ തുറന്നു കിടന്ന പിൻവാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ വീട്ടമ്മയ്ക്കു ഗുരുതരമായി പരുക്കേറ്റു. നെടുങ്കണ്ടം ഇടക്കുഴിയിൽ രാധാമണി (59) തലച്ചോറിനും തലയോട്ടിക്കും ക്ഷതമേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ 5.30നാണ് അപകടം. 

പെരുമ്പാവൂരിൽ പുതുതായി നിർമിക്കുന്ന വീട്ടിലേക്കു പോകാനായി ഭർത്താവ് ഇ.ആർ.രാജനൊപ്പം ചക്കക്കാനത്തു നിന്നാണു രാധാമണി ബസിൽ കയറിയത്. മുൻവശത്തെ വാതിലിലൂടെ കയറിയ രാധാമണി സീറ്റ് ഒഴിവില്ലാത്തതിനാൽ പിന്നിലേക്കു നടന്നു. പിൻവശത്തെ വാതിലിനു സമീപമുള്ള ഒഴിഞ്ഞുകിടന്ന സീറ്റിലേക്കു നടക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. പിന്നാലെ, ബസ് ഒരു കുഴിയിൽ ചാടിയതായി യാത്രക്കാർ പറഞ്ഞു.

ബസ് ആടിയുലഞ്ഞതോടെ കമ്പിയിലെ പിടിത്തംവിട്ട് രാധാമണി പിൻവാതിലിന്റെ അടുത്തേക്കു വീണു; വാതിൽ അടച്ചിട്ടില്ലാതിരുന്നതിനാൽ റോഡിലേക്കു തെറിച്ചുപോവുകയും ചെയ്തു. യാത്രക്കാരി വീണതറിയാതെ ബസ് 100 മീറ്ററോളം മുന്നോട്ടു പോയി. മറ്റു യാത്രക്കാർ ബഹളംവച്ചതോടെയാണു ബസ് നിർത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ രാധാമണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button