InternationalNews

യുക്രൈൻ അതിർത്തിയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണു, നിരവധി മരണം

മോസ്കോ: യുക്രൈന്‍റെ അതിർത്തിക്കടുത്തുള്ള തെക്ക് പടിഞ്ഞാറൻ റഷ്യയിലെ യെസ്ക് നഗരത്തില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്ത് ഒരു റഷ്യൻ സൈനിക വിമാനം തകർന്നുവീണു. വിമാനം തകര്‍ന്ന് വീണതിന് പിന്നാലെ വൻ തീപിടിത്തം ഉണ്ടായി. സംഭവത്തില്‍ 13 പേർ കൊല്ലപ്പെട്ടതായി റഷ്യന്‍  അധികൃതർ അറിയിച്ചു. 25 പേര്‍ക്ക് പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസോവ് കടലിന്‍റെ തെക്കന്‍ തീരത്തുള്ള ഒരു തുറമുഖ നഗരമാണ് യെസ്ക്.

യെസ്ക് നഗരത്തിലെ ഒമ്പത് നിലകളുള്ള അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന്‍റെ മുറ്റത്തേക്കാണ് സുഖോയ് എസ്യു -34 യുദ്ധവിമാനം തകർന്ന് വീണത്. വിമാനം തകര്‍ന്ന് വീണതിന് പിന്നാലെ തീഗോളത്തിൽ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം 13 പേർ മരിച്ചതായി റഷ്യ അറിയിച്ചു. സൂപ്പർസോണിക് ജെറ്റ് വിമാനം ഒരു സൈനിക പരിശീലന വിമാനമാണെന്നും അറിയിപ്പില്‍ പറയുന്നു. തീ പിടിച്ച വിമാനം ആകാശത്തിലൂടെ അതിവേഗം പറക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കണ്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് യെസ്‌ക് നഗരം വിറങ്ങലിച്ചു. വിമാനവും കെട്ടിടവും നിശേഷം കത്തിയമര്‍ന്നു. കൂടുതല്‍ മൃതദേഹങ്ങളുണ്ടോയെന്ന് പരിശോധിക്കുകയാണ്. 

എഞ്ചിനുകളിൽ ഒന്നിന് തീപിടിച്ചതാണ് വിമാനം തകര്‍ന്ന് വീഴാന്‍ കാരണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സർക്കാർ നടത്തുന്ന വാർത്താ ഏജൻസിയായ ആർഐഎ നോവോസ്റ്റി റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ടേക്ക് ഓഫിനിടെ ഒരു എഞ്ചിന് തീപിടിച്ചതാണ് വിമാനം തകര്‍ന്ന് വീഴാന്‍ കാരണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നൂറുകണക്കിന് ആളുകൾ താമസിക്കുന്ന കെട്ടിടം അഗ്നിക്കിരയായതായി റഷ്യന്‍ ഉദ്യോഗസ്ഥർ പറയുന്നു.  അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button