കൊച്ചി: സ്വര്‍ണവും പണവും കവരാനായി ആരെയും കൊലപ്പെടുത്തുന്ന കൊടും കുറ്റവാളിയാണ് റിപ്പര്‍ ജയാനന്ദന്. റിപ്പര്‍ കേരളത്തിന്റെ ഉറക്കം കെടുത്തിയ രാത്രികള്‍ ഇന്നും മലയാളികള്‍ ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. 2004-ല്‍ മാത്രം ഇയാള്‍ നടത്തിയത് മൂന്ന് ഇരട്ടക്കൊലപാതകങ്ങളാണ്. മാളയിലെ നബീന, ഫൗസിയ ഇരട്ടക്കൊലപാതകം, മതിലകത്തെ നിര്‍മല, സഹദേവന് ഇരട്ട ക്കൊലപാതകം, എറണാകുളത്ത് പോണേക്കരയിലെ ഇരട്ടക്കൊലപാതകം എന്നിവയാണത്.
ഇതിനിടെ അന്വേഷണത്തിന് വന്നുപോയത് പോലീസ് മുതല്‍ സി.ബി.ഐ വരെയും. തെളിവുകള്‍ ലഭിക്കാതെ പലരും വട്ടം തിരിഞ്ഞു. 2003-ല്‍ മാള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ജോസിന്റെ കൊലപാതകമാണ് ജയാനന്ദന് ആദ്യമായി നടത്തിയ കൊലപാതകം. സിനിമകളിലെ അക്രമ രംഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും റിപ്പര്‍ നടത്തിയത്. തെളിവ് നശിപ്പിക്കുന്നതും സിനിമയില്‍ കണ്ട പല വിദ്യകളില്‍ നിന്നും തന്നെ.
2005-ല്‍ വടക്കന്‍ പറവൂര്‍, വടക്കേക്കര പോലീസ് സ്റ്റേഷനുകളിലായി ഓരോ കൊലപാതക കേസുകളാണ് റിപ്പറിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊലപാതകം റിപ്പറിനെ ഹരം കൊള്ളിക്കുന്ന തരത്തിലായിരുന്നു. വടക്കേക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 2006-ലെ പുത്തന്‍വേലിക്കര ബേബി കൊലപാതക കേസാണ് ഒടുവിലായി നടത്തിയത്. ഈ കേസില്‍ വധശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതിയെ സമീപിച്ച് 20 വര്‍ഷം തടവുശിക്ഷയായി ഇളവ് നേടിയിരുന്നു. ഇപ്പോള്‍ എല്ലാ കേസുകളിലുമായി ഒന്നിച്ച് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ് ജയാനന്ദന്.
കൊലാപതകങ്ങള്‍ കൂടാതെ, മാള, കൊടുങ്ങല്ലൂര്‍, പുത്തന്‍വേലിക്കര, കൊരട്ടി, പുതുക്കാട്, കൊടകര, നോര്‍ത്ത് പറവൂര്‍, വിയ്യൂര്‍, കണ്ണൂര്‍ ടൗണ്‍, പൂജപ്പുര പോലീസ് സ്റ്റേഷനുകളിലായി 19 മോഷണ-പിടിച്ചുപറി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായമായവരാണ് ജയാനന്ദന്റെ ക്രൂര കൃത്യത്തിനിരയായിട്ടുള്ളതില്‍ കൂടുതലും. എട്ടാം ക്ലാസ് മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസം. ബേബി കൊലക്കേസില്‍ കൈപ്പത്തി വെട്ടിമാറ്റിയാണ് വളകള്‍ ഊരിയെടുത്തത്.
സ്വന്തമായി ആയുധം കൊണ്ടുനടക്കുന്ന ശീലമില്ല. ആക്രമണം നടത്താനുദ്ദേശിക്കുന്ന വീടുകളില്‍നിന്ന് എടുക്കുന്ന കമ്പിവടി, കമ്പിപ്പാര, വാക്കത്തി തുടങ്ങിയവയാണ് ആക്രമിക്കാന്‍ കൂടുതലായും ഉപയോഗിക്കുന്നത്. സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി ഉപയോഗിക്കുന്നതും റിപ്പറിന്റെ പതിവാണ്. രാത്രി 10-നും പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് മോഷണം നടത്തുന്നത്.
മോഷണം നടത്തുന്നത് വാതിലുകളോ ജനലുകളോ മറ്റോ തകര്‍ത്തിട്ടല്ല. കൃത്യത്തിനു മുന്‍പ് കൈയില്‍ സോക്സ് ധരിക്കും. ഇതിനാല്‍ വിരലടയാളത്തില്‍ നിന്നും രക്ഷപ്പെടും. പോലീസ് നായ മണം പിടിക്കാതിരിക്കാന്‍ പരിസരത്ത് മണ്ണെണ്ണ തളിക്കുക, ഗ്യാസ് സിലിന്‍ഡര്‍ തുറന്നു വിടുക, മുളകുപൊടിയോ മഞ്ഞള്‍പ്പൊടിയോ വിതറുക ചെയ്താണ് ജയാനന്ദന് രക്ഷപ്പെട്ടിരുന്നത്.