23.4 C
Kottayam
Friday, November 1, 2024
test1
test1

‘ലിപ് ലോക്ക് കണ്ട നിമിഷം മുതല്‍ ആ നായിക അവര്‍ക്ക് ‘വെടി’ ആയിമാറും.. ഭീതി ജനിപ്പിക്കുന്ന ബലാത്സംഗം വരെ അവരെ ഉത്തേജിപ്പിക്കും’; വൈറല്‍ കുറിപ്പ്

Must read

മലയാളികളുടെ മനോഭാവം എല്ലാ കാര്യത്തിലും തികച്ചും വ്യത്യസ്തമാണ്. ഒരു സിനിമയെ രണ്ട് യുവാക്കള്‍ നോക്കിക്കാണുന്ന വീക്ഷണം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് കിരണ്‍ എന്ന യുവാവ്. യുവാക്കളുടെ തരിവൈകൃതങ്ങളും പോസ്റ്റില്‍ എടുത്തു പറയുന്നുണ്ട്. ബസ് യാത്രക്കിടയില്‍ ലൂക്ക എന്ന സിനിമയെ കുറിച്ച് രണ്ട് പേര്‍ സംസാരിച്ചതിനെ കുറിച്ചും അതിന് ശേഷം അവര്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളെ കുറിച്ചുമൊക്കെയാണ് കിരണ്‍ തന്റെ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിലര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് ചുംബന രംഗവും കിടപ്പറ ദൃശ്യങ്ങളും മാത്രമാണെന്നും കീര്‍ത്തിചക്രയിലെ അതിക്രൂരമായ ബലാത്സംഗ രംഗം വരെ ചിലരെ ഉത്തേജിപ്പിക്കും എന്നുമൊക്കെയാണ് കിരണ്‍ തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു ബസ് യാത്രയില്‍ കേട്ട സംഭാഷണമാണ്..

‘ടൊവിനോയുടെ ലൂക്ക എങ്ങനെയുണ്ട് അണ്ണാ ??’

‘അറിയില്ലഡേ, പക്ഷേ പടത്തില്‍ മറ്റേതൊണ്ട്’

‘യേത്??’

‘ഉമ്മ ഉമ്മ’

‘lip lock ആണോ??’

‘പിന്നല്ലാതെ’

‘ഓ.. യെന്റെ അണ്ണാ , അവന്റെ യോഗം.. ഓരോ പടത്തില്‍ ഓരോ പെണ്ണുങ്ങളെ.. ഞാന്‍ ഏതായാലും ടിക്കറ്റ് ബുക്ക് ചെയ്യാ.. ഇതൊക്കെ വല്യ സ്‌ക്രീനില്‍ കണ്ടില്ലേല്‍ എന്താ ഒരു രസം.. അണ്ണന്‍ വരുന്നാ?? ‘

‘ഹേയ് ഞാനില്ലഡേ, കിസ്സ് മാത്രമേ ഉള്ളൂ, മായാനദി പോലെ പിടുത്തവും കളിയും ഒന്നും ഇല്ല.. നിനക്ക് പിന്നെ ഉമ്മ കണ്ടാല്‍ മതിയല്ലോ.. നീ പൊക്കോ. ‘

‘ഓ.. നിങ്ങള് കൂടിയ ഐറ്റം അല്ലേ.. കീര്‍ത്തിചക്രയിലെ റേപ്പ് സീന്‍ കാണുമ്പോ മൂഡ് വരുന്ന ആളല്ലേ.. നമ്മള് അത്രയ്ക്കങ്ങ് വളര്‍ന്നിട്ടില്ല അണ്ണാ.. ‘

പ്രായം മുപ്പതുകളിലാണ്.. നിര്‍ഭാഗ്യവശാല്‍ മനുഷ്യരാണ്..

അവര്‍ ഒരേയൊരു ചുംബന സീന്‍ കാണാന്‍ വേണ്ടി മാത്രം ഒരു സിനിമക്ക് പോവും..’ലിപ് ലോക്ക് സ്‌പെഷ്യല്‍’ എന്ന നിലയ്ക്ക് മാത്രം അവര്‍ക്കു മുന്നില്‍ ആ ചിത്രം മാര്‍ക്കറ്റ് ചെയ്യപ്പെടും.. ഹൃദയമുള്ളവരത്രയും നടുങ്ങിപ്പോകുന്ന, കീര്‍ത്തിചക്രയിലെ അതിക്രൂരമായ ബലാത്സംഗരംഗം വരെ അവരെ ഉത്തേജിപ്പിക്കും.. ഒന്നര വര്‍ഷം മുമ്പ് ഇറങ്ങിയ മായാനദി എന്ന സിനിമ അവരോട് സംസാരിച്ചത് ‘ അവള് അവനെ ആവശ്യത്തിന് ഉപയോഗിച്ച്, കുറേ കളിച്ച്, അവസാനം തേച്ചു’ എന്ന, ജീര്‍ണിച്ച ഫിലോസഫി മാത്രമായിരിക്കും..

ആ തീയറ്ററിലെ ഇരുട്ടില്‍, തന്റെ മുന്നിലോ തൊട്ടടുത്ത സീറ്റിലോ ഇരിക്കുന്ന പെണ്ണുങ്ങളെ അവര്‍ തോണ്ടും.. തരം കിട്ടിയാല്‍ അവരുടെ ചന്തിക്ക് തട്ടും..

ലിപ് ലോക്ക് കണ്ട നിമിഷം മുതല്‍ ആ നായിക അവര്‍ക്ക് ‘വെടി’ ആയിമാറും.. അവളുടെ മുഖമൊഴികെ മറ്റെല്ലാം അവര്‍ക്കിടയില്‍, ഒരിക്കലും തീരാത്ത ഒരു അശ്ലീലച്ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും..നാറുന്ന കമന്റുകള്‍ കൊണ്ട് അവളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ നിറയും..

സിനിമ കഴിഞ്ഞിറങ്ങി ടൗണിലേക്ക് ബസ് കേറും.. മുകളിലെ കമ്പിയില്‍ കൈ പിടിച്ച് നില്‍ക്കുന്ന സ്ത്രീകളെ പ്രായഭേദമന്യേ കണ്ണുകള്‍കൊണ്ട് ബലാത്സംഗം ചെയ്യും.. കാണാന്‍ കഴിയുന്നതെല്ലാം വസ്ത്രങ്ങള്‍ക്കിടയിലൂടെയും മുകളിലൂടെയും നോക്കിക്കണ്ട് ആസ്വദിക്കും.. അവര്‍ തറപ്പിച്ചൊന്ന് നോക്കിയാല്‍, കണ്ണിറുക്കി ഒരു വഷളന്‍ ചിരി തിരിച്ചുകൊടുക്കും..

കപ്പലണ്ടി കൊറിച്ച് പാര്‍ക്കിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അലഞ്ഞു നടക്കും.. ഒരുമിച്ചിരുന്നു ചിരിക്കുകയും സൗഹൃദം പങ്കുവെക്കുകയും പ്രണയിക്കുകയും ചെയ്യുന്ന ഏതൊരു ആണിനെയും പെണ്ണിനെയും ചോദ്യം ചെയ്യും.. അവളെ പൊതു ഇടത്തില്‍ വെച്ച് സ്പര്‍ശിച്ചു എന്ന കുറ്റത്തിന് അവനെക്കൊണ്ട് നിരുപാധികം മാപ്പു പറയിക്കും.. ‘ഞങ്ങളിവിടെ ഉള്ളിടത്തോളം കാലം നിന്റെയൊന്നും അഴിഞ്ഞാട്ടം നടക്കില്ലെടീ’ എന്ന് അവളുടെ മുഖത്ത് നോക്കി അഭിമാനത്തോടെ ആക്രോശിക്കും .. തരം കിട്ടിയാല്‍ ആര്‍ഷഭാരത സംസ്‌കാരവും ഭാരതസ്ത്രീയുടെ ഭാവശുദ്ധിയും നാല് മിനിറ്റില്‍ കുറയാതെ ഉപന്യസിക്കും..

സദാചാര പ്രസംഗം നടത്തി വരണ്ടുപോയ തൊണ്ട നനയ്ക്കാന്‍ ബാറില്‍ കയറും.. മദ്യത്തിനൊപ്പം തൊട്ടുകൂട്ടാന്‍ എരിവുള്ള ഒരു വിഷയത്തിനായി തിരയുമ്പോള്‍ വീടിനടുത്തുള്ള ഗള്‍ഫുകാരന്റെ ഭാര്യയെ ഓര്‍മ വരും.. ‘അവന്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രം വരുന്നതുകൊണ്ട് അവളുടെ കാര്യങ്ങളൊക്കെ എങ്ങനാണാവോ നടക്കണേ’ എന്ന് ആത്മഗതം ചെയ്യും.. ലഹരി തലയ്ക്ക് പിടിച്ചാല്‍, ഒരു പടി കൂടി മുന്നോട്ട് പോയി, അവള്‍ക്കില്ലാത്ത ഒരു ബന്ധത്തിന്റെ കഥ സ്വയം മെനഞ്ഞുണ്ടാക്കി, നാലു പേരെക്കൊണ്ട് അത് വിശ്വസിപ്പിച്ച് അവളെ നാട്ടിലെ ‘പോക്കുകേസ്’ ആക്കിത്തീര്‍ത്ത് പുളകം കൊള്ളും..

നേരം ഇരുട്ടിത്തുടങ്ങിയാല്‍ വീട്ടിലേക്ക് വെച്ചുപിടിക്കും.. വഴിയില്‍ തനിച്ച് നടക്കുന്ന, ബസ് കാത്തുനില്‍ക്കുന്ന സ്ത്രീകളോട് ‘ഒറ്റയ്ക്കു പോകാന്‍ പേടിയാണോ’ എന്ന് ചോദിക്കും.. ഉദാരമനസ്‌കനായ സഹയാത്രികനാകാന്‍ തയാറാണെന്ന് പറയാതെ പറയും, ഒരു ഉളുപ്പുമില്ലാതെ സൗജന്യയാത്രക്ക് ക്ഷണിക്കും..

ഒടുക്കം വീട്ടിലെത്തും..’ഈ അസമയത്ത് നീ എന്തിനാടീ ഓണ്‍ലൈന്‍ ഇരിക്കുന്നേ, പെണ്ണായാല്‍ എല്ലാത്തിനും ഒരു സമയമുണ്ട് ‘ എന്നും പറഞ്ഞ് സ്വന്തം പെങ്ങളെയോ ഭാര്യയെയോ ശകാരിക്കും.. ടിവി ചാനലിലെ റിയാലിറ്റി ഷോയില്‍ പരസ്പരം ആലിംഗനം ചെയ്യുന്നവര്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ അല്ലെങ്കില്‍ ഞരമ്പിലെ രക്തം തിളക്കും.. അവരെല്ലാം സംസ്‌കാരമില്ലാത്തവരായും കുടുംബത്തില്‍ കേറ്റാന്‍ കൊള്ളാത്തവരായും ചാപ്പകുത്തപ്പെടും..

ശേഷം സ്വന്തം മുറിയുടെ ഇരുട്ടില്‍, സ്മാര്‍ട്ട് ഫോണിന്റെ അരണ്ട വെളിച്ചത്തില്‍, ഫേസ്ബുക്കിലെ തനിക്കറിയാത്ത പെണ്‍ പ്രൊഫൈലുകളോട് ‘എന്നെ ഫ്രണ്ട് ആക്കാമോ?? Married ആണോ??? വൈകീട്ടെന്താ പരിപാടി??? ഏത് ഡ്രസ് ആണ് ഇട്ടിരിക്കുന്നേ ??? ‘ എന്നിങ്ങനെ അശ്ലീലതയുടെ കെട്ടഴിക്കും.. ചൂണ്ടയില്‍ കൊത്തില്ലെന്ന് ബോധ്യമായാല്‍ ‘നീയത്ര വെടിപ്പൊന്നും അല്ലെന്ന് എനിക്കറിയാം, അല്ലെങ്കില്‍ പിന്നെ എന്തിനാടീ നീ ഈ പാതിരാത്രി ഇവിടെ കുത്തിയിരിക്കുന്നേ’ എന്നിങ്ങനെ, പുറമേ കേട്ടാലറയ്ക്കുന്ന പുലഭ്യം കൊണ്ട് അവരെ പ്രണയിക്കും.. പുഴുക്കുത്തുകള്‍ കൊണ്ട് പ്രാപിക്കും..

എല്ലാത്തിനും ഒടുവില്‍ സ്വന്തം ആണത്തത്തെക്കുറിച്ചോര്‍ത്ത് അഭിമാനം പൂണ്ട്, എല്ലാ വൈകൃതങ്ങളെയും പുതച്ചു മൂടിയുറങ്ങും..

ആ വൈകൃതങ്ങള്‍ അനുനിമിഷം പെറ്റുപെരുകും.. പലയിടത്തും പല രീതിയിലും ആവര്‍ത്തിക്കപ്പെടും..

ഒരുമിച്ച് ഒരു ബൈക്കില്‍ സഞ്ചരിക്കുന്ന ആണും പെണ്ണും വിചാരണ ചെയ്യപ്പെടും.. ചോദ്യമോ തെളിവെടുപ്പോ ഇല്ലാതെ മര്‍ദ്ദിക്കപ്പെടും..

ഒരു പെണ്ണ് തനിച്ച് താമസിക്കുന്ന വീട്ടില്‍ സന്ധ്യാസമയത്ത് പോയി എന്ന മഹാപാതകത്തിന് അവളുടെ ആണ്‍സുഹൃത്തിന് ആള്‍ക്കൂട്ടകോടതി ശിക്ഷ വിധിക്കും.. നടപ്പാക്കും.. കെട്ടിയിട്ട് തല്ലും.. കാലും കൈയും ഒടിക്കും.. തല തകര്‍ക്കും.. വേണ്ടിവന്നാല്‍ കൊല്ലും..

നിര്‍ഭയയും പെരുമ്പാവൂരും സൂര്യനെല്ലിയും പല പേരുകളില്‍, ഒരേ നിറത്തില്‍ ആവര്‍ത്തിക്കപ്പെടും.. അനവധി പെണ്‍ ജീവിതങ്ങള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടും.. എന്തിന്, ഒന്നും രണ്ടും മൂന്നും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ വരെ ലൈംഗികമായി പീഡിപ്പിക്കപ്പെടും.. ഹനിക്കപ്പെടും..

ഇങ്ങനെയുള്ളവര്‍ എണ്ണത്തില്‍ വളരെ കുറവാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ.. ?? ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ..?? അതങ്ങനെയല്ലെന്ന് ബോധ്യപ്പെടണമെങ്കില്‍, വീട്ടിലുള്ള പെണ്ണുങ്ങളോട് ഒന്ന് ചോദിച്ചു നോക്കിയാല്‍ മതി.. എന്തിനോടെല്ലാം, ആരോടെല്ലാം പടവെട്ടിയാണ് ഒരു സ്ത്രീ ഒരു ദിവസം ജീവിച്ചു തീര്‍ക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പറ്റും.. പൊതുനിരത്തില്‍, തൊഴിലിടങ്ങളില്‍, ബസ് യാത്രകളില്‍, സിനിമാ തിയേറ്ററുകളില്‍, സോഷ്യല്‍ മീഡിയകളില്‍ അങ്ങനെ എല്ലായിടത്തും സ്ത്രീത്വം കണ്ണുകളാലും കൈകളാലും വാക്കുകളാലും വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ പറ്റും.. പാവപ്പെട്ടവളെന്നോ പണക്കാരിയെന്നോ വ്യത്യാസമില്ലാതെ, അവളുടെ കാല്‍നഖം മുതല്‍ തലമുടി വരെ, ചുരിദാറിന്റെ ഷാള്‍ മുതല്‍ ബ്ലൗസിനു പുറത്ത് കാണുന്ന അടിവസ്ത്രത്തിന്റെ വള്ളി വരെ, അങ്ങനെ എന്തെല്ലാമെന്തെല്ലാമാണ് ആള്‍ക്കൂട്ടത്തിന്റെ ഓഡിറ്റിങ്ങിന് വിധേയമാക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാന്‍ പറ്റും..

‘നിര്‍ഭാഗ്യവശാല്‍ മനുഷ്യരായ’ അവര്‍ക്ക് ഇല്ലാതെ പോകുന്ന ബോധ്യങ്ങള്‍ പലതാണ്..

പരസ്പര സമ്മതത്തോടെ ഒരാണും പെണ്ണും പങ്കുവെക്കുന്ന സൗഹൃദത്തിലോ പ്രണയത്തിലോ തലയിടാനോ അവരുടെ സ്വകാര്യതയിലേക്ക് മണം പിടിച്ചു ചെല്ലാനോ അവര്‍ക്ക് അവകാശമില്ലെന്ന്.. നാടിന്റെ നിയമവ്യവസ്ഥ ആ ആണിനും പെണ്ണിനും കല്‍പ്പിച്ചു കൊടുത്തിട്ടുള്ള അവകാശത്തിന് പേര് സ്വാതന്ത്ര്യം എന്നാണെന്ന്..

ലൈംഗികത കണ്ടാസ്വദിക്കാന്‍ ഒരാള്‍ക്ക് ഏറ്റവും നല്ല വഴി, മൊബൈല്‍ ഫോണില്‍ വിരലൊന്നോടിച്ചാല്‍ മുന്നില്‍ തെളിയുന്ന മുന്തിയ നീലച്ചിത്രങ്ങള്‍ ആണെന്ന് മനസ്സിലാക്കാത്തവരല്ല ഇവിടുത്തെ സെന്‍സിബിളായ സിനിമാക്കാര്‍ എന്ന്.. അത് മനസ്സിലായിട്ടും, തങ്ങളുടെ സിനിമയില്‍ അത്തരം രംഗങ്ങള്‍ കാണിക്കുന്നതിലൂടെ അവര്‍ പറയുന്നത് പ്രണയത്തിന്റെയും സ്വാതന്ത്യത്തിന്റെയും തെളിച്ചമുള്ള രാഷ്ട്രീയമാണെന്ന്.. നിങ്ങള്‍ക്ക് ഇനിയും മനസ്സിലാകാത്ത ആ രാഷ്ട്രീയത്തിന്റെ മെറിറ്റിലാണ് അത്തരം സിനിമകള്‍ വിലയിരുത്തപ്പെടേണ്ടത് എന്ന്..

ഒരു സിനിമയിലെ കിടപ്പറരംഗത്തില്‍ അഭിനയിച്ച നായികയും, ഐറ്റം ഡാന്‍സറും, ബസ് യാത്രക്കാരിയും, ഗള്‍ഫുകാരന്റെ ഭാര്യയും, പാര്‍ക്കിലെ പെണ്‍കുട്ടിയും, ഫേസ്ബുക്കിലെ പെണ്‍ പ്രൊഫൈലുകളും വെറും ശരീരങ്ങള്‍ മാത്രമല്ലെന്ന്.. തന്റേതായ കാഴ്ചപ്പാടുകളും ധാരണകളും സ്വകാര്യതയും സര്‍വ്വോപരി ആത്മാഭിമാനവും കൈമുതലായുള്ള മനുഷ്യര്‍ തന്നെയാണെന്ന്.. അവരുടെ എതിര്‍പ്പിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് അവരിലേക്കെത്താനുള്ള അധികാരമില്ല എന്ന് തന്നെയാണെന്ന്..

പുരുഷന് മാത്രം സഞ്ചാരസ്വാതന്ത്ര്യവും സംസാരസ്വാതന്ത്ര്യവും ലൈംഗികസ്വാതന്ത്ര്യവും അനുവദിക്കപ്പെട്ട ഒരു സമയത്തിന്റെ പേരല്ല ‘രാത്രി’ എന്ന്.. അസമയം എന്ന വാക്കിനര്‍ത്ഥം നിങ്ങളിലെ വൈകൃതങ്ങള്‍ ഉണരുന്ന സമയം എന്നു മാത്രമാണെന്ന്..

ഈ ബോദ്ധ്യങ്ങള്‍ മനസ്സിലുറച്ച കുറേയേറെ മനുഷ്യര്‍ ഉറക്കെ പ്രതികരിച്ചു തുടങ്ങുന്നതുവരെ ഇക്കൂട്ടര്‍ നിശബ്ദരാക്കപ്പെടാതെ തന്നെയിരിക്കും.. തങ്ങളുടെ ആണത്തം ആഘോഷിക്കും.. സ്വന്തം പ്രിവിലേജുകളുടെ നടുവില്‍ കിടന്നു പുളച്ചു മറിയും..’നിലപാടുകള്‍’ എന്ന വാക്ക് ഇന്നാട്ടിലെ നാലാം തരം തെറിയായി ഒടുങ്ങും.. സ്വാതന്ത്ര്യവും സ്വകാര്യതയും സ്‌നേഹവും കൊഞ്ഞനംകുത്തപ്പെടും.. കെട്ടകാലം തുടരും..

NB : ലൂക്ക ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് നല്ലതാണെന്നോ മോശമാണെന്നോ അവകാശവാദങ്ങളുമില്ല.. പക്ഷേ ഒരു കാര്യത്തില്‍ നല്ല ഉറപ്പുണ്ട്.. ഒരു ലിപ് ലോക്ക് രംഗത്തില്‍ ഒതുങ്ങുന്നതായിരിക്കില്ല, മാറുന്ന സിനിമാക്കാഴ്ചകളുടെ മുഖമായ കുറേ ചെറുപ്പക്കാരുടെ ഒരുപാടു നാളത്തെ പരിശ്രമം നമ്മോട് സംവദിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം എന്ന്.. ആ ശ്രമം വിജയിച്ചാലും ഇല്ലെങ്കിലും, അവര്‍ പ്രതിനിധാനം ചെയ്യുന്ന, വരും കാലം ശരിയെന്നു തന്നെ വിധിയെഴുതുന്ന ആ രാഷ്ട്രീയബോധ്യം ഇവിടെ തന്നെ തുടരുമെന്ന്..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മൂന്നും നാലും സമം ആറ് എന്ന് പറയുന്ന കുട്ടിയെയാണോ നമുക്ക് വേണ്ടത്’; സംസ്ഥാനത്തെ വിദ്യാഭ്യാസത്തിൽ പിണറായി വിജയൻ

കോഴിക്കോട്: സബ്ജക്ട് മിനിമം നയത്തിൽ ബാലസംഘത്തെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ തോൽപ്പിക്കുക എന്നതല്ല ലക്ഷ്യമെന്നും വിദ്യാഭ്യാസത്തിൽ നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളെ തോൽപ്പിക്കാൻ...

ശരീരത്തിൽ ആരോ തൊടുന്നത്പോലെ; നോക്കിയപ്പോൾ അടുത്തിരിക്കുന്ന ആൾ; ബസ് യാത്രയിലെ മോശം അനുഭവം വെളിപ്പെടുത്തി അനുമോൾ

കൊച്ചിഎറണാകുളം: യാത്രയ്ക്കിടെ ബസിൽ നിന്നും അതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി നടി അനുമോൾ. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാ വേളയിൽ ആയിരുന്നു സംഭവം. ഉപദ്രവിക്കാൻ ശ്രമിച്ചയാളുടെ കരണം അടിച്ച് പുകച്ചുവെന്നും അനുമോൾ പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന്...

എം കെ സാനുവിന് കേരള ജ്യോതി പുരസ്‌കാരം; എസ് സോമനാഥിനും ഭുവനേശ്വരിക്കും കേരളപ്രഭ; സഞ്ജു സാംസണിന് കേരള ശ്രീ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ...

‘സ്വയമിറങ്ങാൻ സാധ്യതയില്ല’അവളെ ആരോ ഓവനിലേക്ക് എടുത്തെറിഞ്ഞത്; കാനഡയിലെ ഇന്ത്യൻ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജീവനക്കാരി

ഒട്ടാവ: കാനഡയിലെ വാൾമാർട്ട് സ്റ്റോറിൻ്റെ ബേക്കറി ഡിപ്പാർട്ട്‌മെൻ്റിലെ വാക്ക്-ഇൻ ഓവനിൽ ഇന്ത്യൻ വംശജയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. സംഭവം അപകടമല്ലെന്നും 19കാരിയായ ഗുർസിമ്രാൻ കൗറിനെ മറ്റൊരാൾ അടുപ്പിലേക്ക്...

നവവധു വിവാഹദിനം കൂട്ടബലാത്സം​ഗത്തിനിരയായി,വരന് ക്രൂരമർദ്ദനം;എട്ടുപേർ അറസ്റ്റിൽ

കൊൽക്കത്ത: ബം​ഗാളിൽ നവവധുവിനെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. കാഞ്ചരപ്പാറ സ്‌റ്റേഷനു സമീപം റെയിൽവേ ട്രാക്കിലാണ് 19 കാരിയായ നവവധു കൂട്ടബലാത്സം​ഗത്തിനിരയായത്. ഭർത്താവിനെ മർദ്ദിച്ചവശാനക്കിയ ശേഷമാണ് യുവതിയെ അതിക്രമിച്ചത്. വിവാഹത്തിൽ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.