ഇനി എന്നാണ് ഫോം ആകുന്നത് രോഹിത്തേ. ഇന്നും വെറും സെഞ്ചുറി മാത്രം ????❣, ബംഗ്ലാദേശ് വിജയലക്ഷ്യം 315
ബർമിങാം: ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് 315 റൺസ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഹിറ്റ്മാൻ രോഹിത് ശർമയുടെ സെഞ്ചുറി മികവിൽ 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്തു.
ഏകദിനത്തിലെ 26-ാം സെഞ്ചുറി നേടിയ രോഹിത് ശർമയാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തു പകർന്നത്. തുടക്കംമുതൽ തന്നെ ബംഗ്ലാ ബൗളർമാരെ കണക്കിന് പ്രഹരിച്ച രോഹിത് 92 പന്തിൽ നിന്ന് അഞ്ചു സിക്സും ഏഴു ബൗണ്ടറിയും ഉൾപ്പെടെ 104 റൺസെടുത്താണ് മടങ്ങിയത്. സൗമ്യ സർക്കാരാണ് രോഹിതിനെ പുറത്താക്കിയത്.
രോഹിത്തും കെ.എൽ രാഹുലും ചേർന്ന ഓപ്പണിങ് സഖ്യം 180 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതാണ്. 92 പന്തിൽ നിന്ന് 77 റൺസെടുത്ത രാഹുലിനെ റുബെൽ ഹുസൈൻ മടക്കി. എന്നാൽ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാൻ തുടർന്ന് ഇന്ത്യൻ മധ്യനിരയ്ക്കായില്ല. ഒരു ഘട്ടത്തിൽ 350 കടക്കുമെന്ന് തോന്നിച്ച ഇന്ത്യൻ സ്കോർ 314-ൽ ഒതുങ്ങി.
രോഹിത്തിന്റെ പതനത്തിനു ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച മുസ്തഫിസുർ റഹ്മാനാണ് ഇന്ത്യൻ മധ്യനിരയെ പിടിച്ചുകെട്ടിയത്. മുസ്തഫിസുർ കളിയിൽ അഞ്ചു വിക്കറ്റ് നേടി.
കോലിയേയും (26), ഹാർദിക് പാണ്ഡ്യയേയും (0) ഒരു ഓവറിൽ മടക്കി മുസ്തഫിസുർ റഹ്മാൻ ഇന്ത്യൻ റൺറേറ്റിന് കുത്തനെ ഇടിച്ചു.. പിന്നീടെത്തിയ ഋഷഭ് പന്ത് അവസരം നഷ്ടപ്പെടുത്താതെ 41 പന്തിൽ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 48 റൺസുമായി മടങ്ങി. കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവർത്തിച്ച ധോണിക്കും (35) അവസാന നിമിഷം സ്കോർ ഉയർത്താനായില്ല.