KeralaNews

ഒപ്പംനിന്ന് സെല്‍ഫി എടുക്കേണ്ടവര്‍ 100 രൂപ പാര്‍ട്ടിക്ക് നല്‍കണം: ആവശ്യവുമായി മന്ത്രി

ഭോപ്പാൽ: തനിക്കൊപ്പം സെൽഫി എടുക്കാൻ താൽപര്യപ്പെടുന്നവർ 100 രൂപ വീതം നൽകണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ബി.ജെ.പി. മന്ത്രി ഉഷാ ഠാക്കൂർ. ഈ തുക പാർട്ടി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും അവർ അവകാശപ്പെട്ടു.

സെൽഫിക്ക് നിന്നുകൊടുക്കൽ സമയം എടുക്കുന്ന ഏർപ്പാടാണെന്നും തന്റെ പരിപാടികൾ ഇത് കാരണം താമസിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ബി.ജെ.പി. സർക്കാരിൽ വിനോദ സഞ്ചാര-സാംസ്കാരിക വകുപ്പുമന്ത്രിയാണ് ഉഷ.

സെൽഫിയെടുത്ത് ഒരുപാട് സമയം പാഴായിപ്പോകുന്നുണ്ട്. പരിപാടികൾക്കായി മണിക്കൂറുകൾ വൈകിപ്പോകാറുമുണ്ട്. എനിക്കൊപ്പം സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവർ ബി.ജെ.പിയുടെ പ്രാദേശിക മണ്ഡൽ യൂണിറ്റിന്റെ ട്രഷറിയിൽ നൂറുരൂപ നിക്ഷേപിക്കണമെന്നാണ് സംഘടനയുടെ കാഴ്ചപ്പാടിൽനിന്ന് നോക്കുമ്പോൾ കരുതുന്നത്- ഉഷ പറഞ്ഞതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.

പൂച്ചെണ്ടുകൾ താൻ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൂക്കളിൽ ലക്ഷ്മീദേവി വസിക്കുന്നതിനാൽ അവ ഭഗവാൻ വിഷ്ണുവിന് മാത്രം സമർപ്പിക്കാനുള്ളതാണ്. പൂക്കൾക്ക് പകരം താൻ പുസ്തകങ്ങൾ സ്വീകരിച്ചുകൊള്ളാമെന്നും അവർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button