KeralaNews

‘മുഖ്യമന്ത്രീ.. കിറ്റില്‍ സ്നാക്സ് പായ്ക്കറ്റ് കൂടി ഉള്‍പ്പെടുത്തണേ’; വീട്ടുകാരറിയാതെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഏഴാംക്ലാസ്സുകാരി, ഭക്ഷ്യക്കിറ്റ് വിതരണം ചെയ്താല്‍ അതില്‍ ബിസ്‌കറ്റുമുണ്ടാവുമെന്ന് ഉറപ്പ് നല്‍കി മന്ത്രി

അടൂര്‍: സ്‌കൂളുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കിറ്റില്‍ സ്നാക്സ് പായ്ക്കറ്റ് കൂടി ഉള്‍പ്പെടുത്തണമെന്ന ചെറിയ അഭ്യര്‍ത്ഥനയുമായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി. വീട്ടുകാര്‍ ആരുമറിയാതെയാണ് കുഞ്ഞ് അനറ്റ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അധികം വൈകാതെ തന്നെ അനറ്റിനെ തേടി മറുപടിയെത്തി. അടുത്ത തവണ കിറ്റില്‍ സ്നാക്സ് പാക്കറ്റ് ഉണ്ടാവുമെന്ന ഒരു ഉറപ്പായിരുന്നു ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ അനറ്റിന് നല്‍കിയത്.

അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അനറ്റ്. പെരിങ്ങനാട് പാറക്കൂട്ടം ചെറിയാച്ചന്‍ തോമസ് ഷൈനി ചെറിയാന്‍ ദമ്പതികളുടെ ഇളയ മകളാണ്. കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന്‍ സാറെന്ന് വിശേഷിപ്പിച്ചാണ് അനറ്റിന്റെ കത്ത് തുടങ്ങിയത്.

തുടര്‍ന്ന് സ്‌കൂളുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കിറ്റില്‍ സ്നാക്സ് പായ്ക്കറ്റ് കൂടി ഉള്‍പ്പെടുത്തണമെന്ന് അനറ്റ് ആവശ്യപ്പെട്ടു. ഈ കത്ത് വായിച്ച മുഖ്യമന്ത്രി ഭക്ഷ്യമന്ത്രിക്കു കൈമാറി. തുടര്‍ന്ന് മന്ത്രി ബന്ധപ്പെട്ട സപ്ലൈകോ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അടുത്ത മാസം കിറ്റ് നല്‍കുന്നുണ്ടെങ്കില്‍ ബിസ്‌ക്കറ്റോ മറ്റേതെങ്കിലും സ്നാക്സ് പായ്ക്കറ്റോ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇക്കാര്യം ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ കഴിഞ്ഞ ദിവസം അനറ്റിനെ വിഡിയോ കോള്‍ വഴി അറിയിച്ചു. മന്ത്രിയുടെ ഫോണ്‍കോള്‍ അനറ്റിനെയും കുടുംബത്തെയും ശരിക്കും ഞെട്ടിച്ചു. മന്ത്രി നേരിട്ടു വിളിച്ചപ്പോള്‍ അനറ്റ് ആദ്യം ഞെട്ടി. പിന്നെ ഫോണ്‍ അമ്മ ഷൈനി ചെറിയാനു കൈമാറി.

വീണ്ടും ഫോണ്‍ അനറ്റിനു നല്‍കിയപ്പോള്‍ ഈ വിവരം സ്‌കൂളില്‍ എല്ലാവരോടും കൂട്ടുകാരെയുമൊക്കെ അറിയിക്കണമെന്നും പറഞ്ഞ ശേഷണ് മന്ത്രി ഫോണ്‍ വച്ചത്. തന്റെ കത്ത് മുഖ്യമന്ത്രി വായിച്ചതിന്റെയും മറുപടി ലഭിച്ചതിന്റെയും സന്തോഷത്തിലാണ് അനറ്റ് ഇപ്പോള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button