80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു,പ്രതികാരം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇറാന്‍
ടെഹ്‌റാന്‍: ഇറാന്‍ പ്രതികാര നടപടി തുടങ്ങിയെന്ന് അയത്തുള്ള ഖമേനി. ഇത് മുഖത്തിനിട്ടുള്ള അടി ഇസ്രായേലും അമേരിക്കയും തങ്ങളുടെ ശത്രുക്കളെന്നും ഇറാന്റെ പരമോന്നത നേതാവ്. പുലര്‍ച്ചെ ഇറാക്കിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാന്‍ നടത്തിയിരിക്കുന്ന അവകാശവാദം. 30 ഓളം മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അമേരിക്കയുടെ നിരവധി ഹെലികോപ്റ്ററുകളും തകര്‍ന്നതായും ഇറാന്‍ ടിവി വാര്‍ത്ത നല്‍കി. എന്നാല്‍ ആക്രമണം സ്ഥിരീകരിച്ച അമേരിക്ക എന്തു നാശനഷ്ടമാണ് ഉണ്ടായത് എന്നതിനെ കുറിച്ച് ഇതുവരെയും ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. ഖാസിം സുലേമാനിയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണെന്ന് ആക്രമണത്തിന് തൊട്ട് പിന്നാലെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇപ്രകാരമുള്ള തിരിച്ചടിയാണ് അമേരിക്ക നല്‍കുക എന്ന ആകാംക്ഷയിലാണ് ലോകം. നാശനഷ്ടങ്ങലെ കുറിച്ച് കണക്കെടുത്തു വരുന്നു എന്നാണ് പെന്റഗണും വ്യക്തമാക്കിയിരിക്കുന്നത്.