തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി ഏര്‍പ്പെടുത്തിയ ഭക്ഷ്യധാന്യ കിറ്റ് ഇതുവരെ വാങ്ങിയത് 80 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍. അതേസമയം, വെള്ള കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം റേഷന്‍ കടകളിലെ തിരക്ക് പരിഗണിച്ച് വ്യാഴാഴ്ചവരെ നീട്ടി. വാങ്ങാനാകാത്തവര്‍ക്ക് 25നുശേഷം സപ്ലൈകോ വിപണനശാലകള്‍ വഴി കിറ്റ് വാങ്ങാം.
24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതിപ്രകാരം റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച 17000 കുടുംബത്തിന് പുതിയ കാര്‍ഡ് നല്‍കി. അവര്‍ക്ക് റേഷനും പലവ്യഞ്ജന കിറ്റും 21ന് ലഭ്യമാക്കും. റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍കട സ്ഥിതിചെയ്യുന്ന പഞ്ചായത്തിന് പുറത്ത് അടച്ചുപൂട്ടല്‍മൂലം നിലവില്‍ താമസിക്കുന്നവര്‍ക്ക് സത്യവാങ്മൂലം ഹാജരാക്കി ഇപ്പോള്‍ താമസിക്കുന്ന റേഷന്‍ കടയില്‍നിന്ന് വ്യാഴാഴ്ചവരെ കിറ്റുകള്‍ വാങ്ങാം. ബുദ്ധിമുട്ട് നേരിടുന്നവര്‍ താലൂക്ക് സപ്ലൈ ഓഫീസറെയോ റേഷനിങ് ഇന്‍സ്‌പെക്ടറെയോ ബന്ധപ്പെടണം.
അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍, കോണ്‍വെന്റുകള്‍ തുടങ്ങിയവയിലെ അന്തേവാസികള്‍ക്ക് അര്‍ഹതപ്പെട്ട കിറ്റുകള്‍ സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ സപ്ലൈ ഓഫീസറുടെയും അംഗീകാരത്തോടെ സപ്ലൈകോ വിപണനശാലയില്‍നിന്ന് നല്‍കും.