പാലക്കാട്: തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടെങ്കിലും അതിസാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന് 79കാരിയായ ചന്ദ്രമതി. കുളിക്കാനിറങ്ങിയ ചന്ദ്രമതി കുത്തിയൊലിക്കുന്ന തോട്ടിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിനിടെ ചന്ദ്രമതിക്ക് തോടിനോട് ചേർന്നുള്ള മരക്കൊമ്പിൽ പിടിക്കാനായി. പിന്നെ 10 മണിക്കൂറോളം ആ മരക്കൊമ്പിൽ തുങ്ങിക്കിടന്നു.
ചന്ദ്രമതി ഒഴുക്കിൽപ്പെട്ടതറിഞ്ഞ് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് ചന്ദ്രമതിയെ കണ്ടെത്താനായത്. നാട്ടുകാർ തിരഞ്ഞെത്തുമ്പോൾ ചന്ദ്രമതി മരക്കൊമ്പിൽ പിടിച്ചുനിൽക്കുകയായിരുന്നു അവർ. സ്വന്തം മനശക്തികൊണ്ട് വലിയ അപകടത്തെയാണ് 79കാരിയായ ചന്ദ്രമതി തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഒറ്റപ്പാലം സൗത്ത് പനമണ്ണ സ്വദേശിയാണ് ചന്ദ്രമതി. രാവിലെ ആറ് മണിക്ക് ഒഴുക്കിൽപ്പെട്ട ഇവരെ വൈകീട്ട് നാല് മണിയോടെയാണ് രക്ഷപ്പെടുത്തിയത്. കർക്കിടകം ഒന്നായതിനാൽ മുങ്ങിക്കുളിക്കാനാണ് ചന്ദ്രമതി തോട്ടിലിറങ്ങിയത്.
തോട്ടിലേക്ക് കുളിയ്ക്കാനായി പോയപ്പോൾ നായ വന്നെന്നും അതിനെ ആട്ടിവിടാൻ ശ്രമിച്ചതോടെ കാൽവഴുതി വീഴുകയായിരുന്നുവെന്നും 78കാരിയായ ചന്ദ്രമതി. ചെറുപ്പം മുതലേ നീന്തലറിയാമായിരുന്നു. മരത്തിൽ തൂങ്ങിപ്പിടിച്ചപ്പോൾ വീട്ടിലേക്ക് പോകാൻ കഴിയില്ലെന്ന് കരുതിയെന്നും ചന്ദ്രമതി പറയുന്നു.
കുറേ നേരം മരക്കൊമ്പിൽ തൂങ്ങി നിന്നു. ഇനി രക്ഷപ്പെടാൻ കഴിയുമെന്ന് കരുതിയില്ല. നാലുമണിയോടെ നാട്ടുകാർ തിരഞ്ഞ് വരികയായിരുന്നു. നാട്ടുകാരെ കണ്ടപ്പോൾ സന്തോഷമായി. ചിലർ ചീത്ത പറഞ്ഞു. ആശുപത്രിയിൽ പോകാൻ പറഞ്ഞപ്പോഴും താൻ സമ്മതിച്ചില്ലെന്നും ചന്ദ്രമതി പറയുന്നു. രക്ഷപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ചന്ദ്രമതി കൂട്ടിച്ചേർത്തു