ഇടുക്കി: റിസോർട്ട് മാനേജരിൽ നിന്നും ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറും ഏജന്റും വിജിലൻസിന്റെ പിടിയിൽ. ഇടുക്കി ഡി.എം.ഒ. ഡോ. എല്‍. മനോജിനെയും ഏജന്റായ ഡ്രൈവര്‍ രാഹുല്‍ രാജിനെയും ഗൂഗിള്‍-പേ വഴി 75,000,രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് ഡിജിറ്റല്‍ ട്രാപ്പ് ചെയ്യുകയായിരുന്നു.
മൂന്നാര്‍ ചിത്തിരപൂരത്തുള്ള റിസോര്‍ട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു. ശേഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ പണവും രേഖകളുമായി ഡി.എം.ഒ. ഓഫീസിൽ എത്താനായിരുന്നു ആവശ്യം. തുടർന്ന് രേഖകൾ പരിശോധിച്ച ശേഷം കൈക്കൂലി 75000-ൽ ഉറപ്പിച്ചു. തുക ഇയാളുടെ ഏജന്റായി പ്രവർത്തിക്കുന്ന ഡ്രൈവർ രാഹുൽ രാജിന്റെ ഫോണിലേക്ക് ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ വിവരം ഇടുക്കി വിജിലൻസ് യൂണിറ്റിന്റെ ഡി.വൈ.എസ്.പി. ഷാജു ജോസിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സാങ്കേതിക വിദ്യയുടെ സഹായത്താൽ തെളിവുശേഖരിച്ചു. തുടർന്ന് ഇന്ന് ഡി.എം.ഒ.യെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അധികാരം ദുരുപയോഗം ചെയ്ത് റിസോർട്ടുകളിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസറായ മനോജ് കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസിന് നേരത്തെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ കഴിഞ്ഞ കുറേ നാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇതിനിടെ ആരോഗ്യവകുപ്പിന് ലഭിച്ച പരാതിയിൽ തിങ്കളാഴ്ച ഇയാളെ ആരോഗ്യവകുപ്പ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെൻഷൻ ഉത്തരവ് സ്റ്റേ വാങ്ങി ബുധനാഴ്ച രാവിലെ തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
(അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സാപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കുക)