കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളത് ഏഴുപേര്‍. കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ ഗൃഹനാഥന്റെ പ്രായമായ മാതാപിതാക്കളെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഈ കുടുംബവുമായി അടുത്തിടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ്. കൂടുതല്‍ ആളുകളുമായി ഇവര്‍ ഇടപഴകിയിട്ടുണ്ടെന്നാണ് താഴേത്തട്ടിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
നിപ കാലത്തേതിന് സമാനമായ സൗകര്യങ്ങളാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ മീറ്റര്‍ അകലത്തിലാണ് കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ളത്.
ആരോഗ്യ വകുപ്പ് ചെങ്ങളത്ത് സ്ഥിതികള്‍ വിലയിരുത്തി. ഇറ്റലിയില്‍ നിന്ന് എത്തിയ ആളുകളുടെ മകളും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. ഈ കുടുംബം നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ഇതിനിടെ, ഖത്തര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ടുപേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്ന വ്യക്തിക്ക് കൊറോണ ബാധയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ആശുപത്രി വിട്ടു.