ബംഗ്ലൂരു : വോട്ടിന് പണം തരാമെന്ന് പറഞ്ഞ് പുലിവാല് പിടിച്ച് കർണാടകത്തിലെ ബിജെപി നേതാവ് രമേശ് ജാർക്കിഹോളി. ബെലഗാവിയിലെ കോൺഗ്രസ് എംഎൽഎ ആളുകൾക്ക് ഇപ്പോഴേ സമ്മാനങ്ങൾ നൽകി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും ആളൊന്നിന് ആറായിരം രൂപ വച്ച് ബിജെപി തരുമെന്നുമായിരുന്നു ജാർക്കിഹോളിയുടെ പരാമർശം. ‘ഇവിടത്തെ കോൺഗ്രസ് എംഎൽഎ ഇപ്പോഴേ ആളുകൾക്ക് സമ്മാനങ്ങൾ നൽകിത്തുടങ്ങി എന്നറിഞ്ഞു. ഞങ്ങൾ നിങ്ങൾക്ക് 6000 രൂപ തന്നില്ലെങ്കിൽ നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യണ്ട എന്നായിരുന്നു ജാര്‍ക്കിഹോളിയുടെ വിവാദ പ്രസ്താവന.
ഓപ്പറേഷൻ താമരയുടെ ഭാഗമായി 14 എംഎൽഎമാരെയും കൂട്ടി കുമാരസ്വാമി സർക്കാരിനെ താഴെ വീഴ്ത്തി ബിജെപിയിൽ പോയവരിൽ പ്രമുഖനാണ് രമേശ് ജാർക്കിഹോളി. കൂറ് വിട്ട് കൂറ് മാറിയതിന്‍റെ ഫലമായി മന്ത്രിയായെങ്കിലും ഒരു അശ്ലീല വീഡിയോ വിവാദത്തിൽ ജാര്‍ക്കിഹോളിക്ക് പദവി നഷ്ടപ്പെട്ടു. ജാർക്കിഹോളി കുടുംബത്തിന്‍റെ സ്വന്തം തട്ടകമാണ് ബെലഗാവി റൂറൽ. ഇവിടെ നിലവിൽ ലക്ഷ്മി ഹെബ്ബാൾക്കറെയാണ് എംഎൽഎ. കോൺഗ്രസ് കര്‍ണാടക അധ്യക്ഷൻ ഡി കെ ശിവകുമാറാണ് ലക്ഷ്മി ഹെബ്ബാൾക്കറുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വിജയത്തിനും ചുക്കാൻ പിടിച്ചത്. ഡി കെ ശിവകുമാറിനോടുള്ള എതിപ്പിനെ തുടര്‍ന്നായിരുന്നു ജാർക്കിഹോളി നേരത്തെ പാർട്ടി വിട്ടത്. ഇത്തവണയും ലക്ഷ്മി ഹെബ്ബാൾക്കറെ ലക്ഷ്യമിട്ടാണ് ജാർക്കിഹോളിയുടെ പ്രചാരണം. ഇതിനിടെയാണ് വോട്ടിന് പണം തരാമെന്ന ജാർക്കിഹോളിയുടെ പ്രസ്താവന ബിജെപിയെ വിവാദക്കുരുക്കിലാക്കിയത്.
വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപി പാർട്ടി നേതൃത്വം ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേയെന്നാണാണ് ലക്ഷ്മി ഹെബ്ബാൾക്കറുടെ ചോദ്യം. തെരഞ്ഞെടുപ്പ് കമ്മീഷൻ ജാര്‍ക്കിഹോളിയുടെ പ്രസ്താവന കാണുന്നുണ്ട്. മുഖ്യമന്ത്രിയടക്കം ബിജെപി പാർട്ടി നേതൃത്വവും ഇത് കാണുന്നുണ്ട്. അവർ തീരുമാനിക്കട്ടെ നടപടിയെന്നും ലക്ഷ്മി ഹെബ്ബാൾക്കര്‍ പ്രതികരിക്കുന്നു. എന്നാൽ അഴിമതി വിവാദങ്ങളും ഭരണവിരുദ്ധവികാരവും തലവേദനയായി നിൽക്കവേ വന്ന ജാർക്കിഹോളിയുടെ വിവാദപ്രസ്താവനയോട് തൽക്കാലം അകലം പാലിക്കുകയാണ് ബിജെപി.