
റായ്പൂർ :ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ശേഷം കൊലപ്പെടുത്തിയ 13 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ സർകന്ദ പൊലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ കോളനിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് 5 വയസ്സുകാരിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. പെൺകുട്ടിയും ആൺകുട്ടിയും അവരുടെ ബന്ധുക്കൾക്കൊപ്പം കോളനിയിലെ ലേബർ ക്വാർട്ടേഴ്സുകളിലൊന്നിലാണ് താമസിച്ചിരുന്നത്.
ആൺകുട്ടി പെൺകുട്ടിയേയും കൂട്ടി നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് നടക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിനു ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ച ആൺകുട്ടി അശ്ലീല സിനിമകൾ കാണുന്നതിന് അടിമയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ ഒറ്റയ്ക്ക് കണ്ടപ്പോഴാണ് നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
പിന്നാലെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. തന്റെ ശ്രമങ്ങൾ ചെറുത്തപ്പോൾ കല്ലും മരത്തടിയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയായ കൗമാരക്കാരനെ ഉടൻ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.