KeralaNews

സൗദിയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി കുടുംബത്തിലെ അഞ്ചുപേരുടെയും മൃതദേഹം നാട്ടിലെത്തിച്ചു; വിട ചൊല്ലി നാട്

കോഴിക്കോട്: സൗദി അറേബ്യയിലെ ദമാമ്മില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഒരു കുടുംബത്തിലെ അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. അഞ്ചു പേരുടെയും മൃതദേഹം ബേപ്പൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യ ഷബ്‌ന(36), മക്കളായ ലുഫ്തി(2), സഹ(5), ലൈബ (7) എന്നിവരാണ് സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്.

ഡിസംബര്‍ 3ന് രാത്രിയായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം സ്വദേശി പൗരന്റെ കാറുമായി കൂട്ടിയിടിച്ചത്. അഞ്ചു പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ടൊയോട്ടോ കാറുകളുടെ സൗദിയിലെ വിതരണക്കാരായ അബ്ദുല്‍ ലത്തീഫ് ജമീല്‍ കമ്പനിയിലെ ജുബൈല്‍ ശാഖയില്‍ ഫീല്‍ഡ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു മരിച്ച മുഹമ്മദ് ജാബിര്‍.

ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് ജിസാനിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ജിസാനിലെ അബുഹാരിസില്‍ താമസസ്ഥലം കണ്ടെത്തിയതിന് ശേഷം ജുബൈലില്‍ തിരികെ എത്തി കുടുംബത്തെ കൂട്ടി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ജാബിറിന്റെ കുടുംബം സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയതായിരുന്നു. ഇന്ത്യന്‍ എംബസിയും മലയാളി പ്രവാസി സംഘടനകളും ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടി ക്രമങ്ങള്‍ പൂത്തിയാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button