കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-വയസുകാരനുമായി സമ്പർക്കത്തിലേർപ്പെട്ട 46 പേരുടെ സാമ്പിൾ ഫലങ്ങൾ നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്ന് 16 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിട്ടുള്ളത്.
265 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. 12 പേർക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആർക്കും തീവ്രമായ ലക്ഷണങ്ങളില്ല. മിതമായ ചില ലക്ഷണങ്ങൾ മാത്രമെ ഉള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. 68 പേർ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ നെഗറ്റീവായവരെ കുറച്ച് ദിവസം കൂടി നിരീക്ഷണത്തിൽ വെക്കും. ശേഷം വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നും മന്ത്രി അറിയിച്ചു.
നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നിർത്തിവെച്ച വാക്സിനേഷൻ നാളെ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിപ കണ്ടെയിൻമെന്റ് സോണുകളല്ലാത്ത ഇടങ്ങളിലാകും വാക്സിനേഷൻ നടത്തുക. ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി അഞ്ച് വവ്വാലുകളുടെ സാമ്പിളുകൾ ഇന്ന് ഭോപ്പാലിലേക്ക് അയക്കുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.