കൊച്ചി: ട്രിപ്പിള്‍ ലോക് ഡൗണിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ കര്‍ശന പരിശോധന തുടരുന്നു. നിയമ ലംഘനത്തിന് ഉച്ചവരെ 136 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 42 പേരെയാണ് ജില്ലയില്‍ മാത്രം അറസ്റ്റിലായത്. 60 വാഹനങ്ങള്‍ കണ്ടുകെട്ടി.
ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചാണ് പരിശോധന നടത്തുന്നത്. 2000 പോലിസുകാരെയാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. മാസ്‌ക്ക് ധരിക്കാത്തതിന് 298 പേര്‍ക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 346 പേര്‍ക്കെതിരെയും നടപടിയെടുത്തു. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി.
ക്വാറന്റൈനില്‍ കഴിയുന്നവരുടെ സുഖവിവരം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഭക്ഷണവും, മരുന്നും പോലീസ് എത്തിച്ചു നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്.