ടെൽഅവീവ്: ഒഴിഞ്ഞു പോകണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗാസയിൽ നിന്ന് ആളുകളുടെ കൂട്ട പലായനം തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാല് ലക്ഷംപേർ പലായനം ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളുടെ അടക്കം പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാണ്.
പലയിടത്തും 24 മണിക്കൂർ നേരം പ്രവർത്തിക്കാനുള്ള ഇന്ധനം മാത്രമണ് അവശേഷിക്കുന്നത്. അതിനിടെ പലസ്തീനിൽ കുടുങ്ങിയ വിദേശികളെ ഉൾപ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. കരയുദ്ധത്തിന് തയ്യാറായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം തുടരുകയാണ്. ഇരുപക്ഷത്തുമായി ഇതുവരെ 3900ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.
ഇസ്രയേലിനെതിരായ ചൈനീസ് നീക്കം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ വൃത്തങ്ങൾ പറയുന്നു. ഇറാൻ ഇടപെട്ടാലുള്ള വൻ സംഘർഷ സാധ്യതയ്ക്ക് ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു.
ചൈന ഇറാനെ സഹായിച്ചേക്കാമെന്ന് ഇന്ത്യയുടെ വിലയിരുത്തൽ. ഇസ്രയേൽ പ്രതിരോധ പരിധി കടന്നെന്ന് ചൈന പ്രസ്താവിച്ചിരുന്നു. സ്ഥിതി ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ അദ്ധ്യക്ഷതയിലെ യോഗം വിലയിരുത്തിയിരുന്നു.
അതേസമയം, ഗാസ വിഷയത്തിൽ ഇറാൻ ഇടപെടുകയാണ്. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി പറഞ്ഞു. നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡൻ്റ് പറഞ്ഞു.
ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.