ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പിന് നാലുദിവസം മാത്രം ശേഷിക്കെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മഹാദേവ് ബെറ്റിങ് ആപ്പില്‍നിന്ന് ഭൂപേഷ് ബാഘേല്‍ 508 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. പണം കൈമാറാന്‍ ഇടനില നിന്നയാള്‍ മൊഴി നല്‍കിയെന്നാണ് ഇ.ഡി. അവകാശപ്പെട്ടത്. വിഷയത്തില്‍ അന്വേഷണം ആവശ്യമുണ്ടെന്നും ഇ.ഡി. വെളിപ്പെടുത്തി.
പണക്കൈമാറ്റത്തിന്ഇടനില നിന്നയാളെന്ന് ആരോപിച്ച് അസിം ദാസ് എന്നയാളെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് 5.39 കോടി രൂപയും കണ്ടെടുത്തിരുന്നു. കള്ളപ്പണംവെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസില്‍ മഹാദേവ് ബെറ്റിങ് ആപ്പിനെതിരെ ഇ.ഡി. അന്വേഷണം നടന്നുവരികയാണ്.
അസിം ദാസിനെ ചോദ്യംചെയ്തതില്‍നിന്നും ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധന നടത്തി. മഹാദേവ് നെറ്റ്‌വര്‍ക്കിലെ ഉന്നതനായ കുറ്റാരോപിതനായ ശുഭം സോണി അയച്ച ഇ- മെയിലും പരിശോധിച്ചു. ഇതില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് പുറത്തുവന്നത്. മഹാദേവ് ആപ്പ് പ്രമോട്ടര്‍മാര്‍ ഭൂപേഷ് ബാഘേലിന് നിരന്തരമായി പണം നല്‍കിയിരുന്നുവെന്നും ഇതുവരെ 508 കോടി രൂപ നല്‍കിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇ.ഡി. പ്രസ്താവനയില്‍ അറിയിച്ചു.
ബാഘേല്‍ എന്നു പേരുള്ള ഒരു രാഷ്ട്രീയ നേതാവിന് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി മഹാദേവ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ കൈമാറാനായി തന്നെ ഏല്‍പ്പിച്ചതാണ് പിടിച്ചെടുത്ത പണമെന്ന് അസിം ദാസ് മൊഴി നല്‍കിയതായും ഇ.ഡി. പ്രസ്താവനയില്‍ പറയുന്നു.
രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ നവംബര്‍ ഏഴിനും 17-നുമാണ് പോളിങ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുമ്പോഴുള്ള ഇ.ഡി. ആരോപണം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാ വിഷയമായേക്കും.