FeaturedHome-bannerKeralaNews

കുടിവെള്ളംമുട്ടി തലസ്ഥാനം;വ്യാപക പ്രതിഷേധം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാല് ദിവസം പിന്നിടുന്നു. നഗരത്തിലെ 45 വാർഡുകളാണ് കുടിവെള്ളക്ഷാമത്താൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. മിക്ക വീടുകളിലും വാട്ടർ അതോറിറ്റി പൈപ്പ് വെള്ളം ശേഖരിക്കാൻ ടാങ്കുകൾ ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം വലിയ പ്രതിഷേധങ്ങൾ ഉണ്ടായില്ല. എന്നാൽ പ്രതിസന്ധി നാലാം ദിവസത്തിലേക്ക് കടന്നതോടെ നഗരസഭ ഉദ്യോഗസ്ഥരടക്കം സമ്മർദ്ദത്തിലായി. വെള്ളമില്ലാത്തതിന്റെ പേരിൽ വാർഡ് കൗൺസിലർമാരാണ് ജനങ്ങളിൽ നിന്ന് കൂടുതൽ സമ്മർദ്ദം നേരിടുന്നത്.

തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിർത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു. വാട്ടർ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈനുകളുടെ അലൈൻമെന്റാണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്. 48 മണിക്കൂറുകൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ചാണ് പണി തുടങ്ങിയത്.

എന്നാൽ ഉദ്ദേശിച്ച രീതിയിൽ പണി പുരോഗമിക്കാതെ വരികയും സാങ്കേതിക കാരണങ്ങളാൽ ഇത് നീണ്ടുപോകുകയും ചെയ്തതോടെ സാധാരണക്കാർ പെട്ടു. കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റ് ഉൾപ്പെടെ വെള്ളമില്ലാതെ വലഞ്ഞിരുന്നു. ഇന്ന് മിക്ക സ്ഥാപനങ്ങളും ഞായറാഴ്ച ആയതിനാൽ അടച്ചിരിക്കുന്നത് വലിയ പ്രതിസന്ധി ഒഴിവാക്കി. എന്നാൽ വീടുകളിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.

ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഞായറാഴ്ച പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും അതും നിറവേറ്റാനായില്ല. പകരം സംവിധാനമൊരുക്കാതെ പണിതുടങ്ങിയത് വാട്ടർ അതോറിറ്റിയുടെ പിഴവാണെന്ന് യോഗത്തിൽ വിമർശനമുയർന്നിരുന്നു. കുടിവെള്ളത്തിനായി നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് വഴി ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാൻ ബുക്ക് ചെയ്യാനാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ അതിന് 2000 രൂപയോളം അടച്ചാൽ മാത്രമേ കുടിവെള്ളമെത്തിക്കാൻ സാധിക്കു. ബുദ്ധിമുട്ടിലായിരിക്കുന്ന സമയത്ത് ജനങ്ങളിൽ നിന്ന് കൂടിയ തുക ഈടാക്കി വെള്ളം കൊടുക്കുന്നത് ദ്രോഹമാണെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു.

നഗരസഭയിലെ മിക്ക വാർഡുകളിലും പ്രതിസന്ധി രൂക്ഷമാണ്. പ്രധാന പോയിന്റുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടിവെള്ളം എത്തിക്കുന്നുണ്ട്. എന്നാൽ ഇത് എല്ലാവർക്കും തികയാറില്ല. തിങ്കളാഴ്ച ഓഫീസുകളുൾപ്പെടെ തുറക്കുന്ന ദിവസമാണ്. കുടിവെള്ള പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഓഫീസുകളുൾപ്പെടെ അടയ്‌ക്കേണ്ട സ്ഥിതി വരും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാകും.

നിലവിൽ റെയില്‍വേ ലൈനിന്റെ അടിയിലുള്ള 700 എം.എം. പൈപ്പ് മാറ്റുന്ന പണികളും പുരോ​ഗമിക്കുകയാണ്. പി.ടി.പി. ന​ഗറിൽനിന്നുള്ള ജലവിതരണം നിർത്തിവച്ചു മാത്രമേ ജോലികൾ ചെയ്യാൻ കഴിയൂ എന്നതിനാലാണ് പി.ടി.പി. ന​ഗ‍ർ ടാങ്കുകളിൽനിന്നു ജലവിതരണം നടത്തുന്ന വട്ടിയൂർക്കാവ്, ശാസ്തമം​ഗലം ഭാ​ഗങ്ങളിലേക്കും കുടിവെള്ള വിതരണം മുടങ്ങിയത്. ഈ മേഖലകളിൽ ഞായറാഴ്ച രാവിലെ ജലവിതരണം പുനഃസ്ഥാപിച്ചെങ്കിലും പുതിയ വാൽവ് സ്ഥാപിക്കുന്നതിനിടെ ചില സാങ്കേതികപ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് വീണ്ടും പമ്പിങ് നിർത്തിവയ്ക്കേണ്ടി വന്നു. വാൽവ് സ്ഥാപിക്കുന്നതിലുണ്ടായ പ്രശ്നങ്ങൾകൂടി പരിഹരിച്ച് ഈ സ്ഥലങ്ങളിലും ഞായറാഴ്ച രാത്രിയോടെ കുടിവെള്ളമെത്തിക്കുമെന്നാണ് വിവരം.

കുടിവെള്ള പ്രശ്നത്തില്‍ ബി.ജെ.പി. റോഡ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷമായിട്ടും പ്രതിഷേധങ്ങളുണ്ടാകുന്നില്ലെന്ന ആക്ഷേപത്തിനിടെയാണ് ബി.ജെ.പി. സമരത്തിനിറങ്ങുന്നത്. അതേസമയം ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ ജലവിതരണം ബാക്കിസ്ഥലത്തേക്ക് തുടങ്ങുമെന്നും രാത്രിയോടെ എല്ലായിടത്തും വെള്ളമെത്തുമെന്നുമാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker