താനൂർ: പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം 22 പേർ മരിച്ച സംഭവത്തിൽ, അപകടത്തിനിടയാക്കിയ ‘അറ്റ്‌ലാന്റിക്’ ബോട്ട് ഓടിച്ചിരുന്നത് നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും പാലിക്കാതെ. 21 യാത്രക്കാരെവെച്ച് സർവീസ് നടത്താനായിരുന്നു കേരള മാരിടൈം ബോർഡിൽനിന്ന് അനുമതിതേടിയത്. ഇതിനുപോലും അന്തിമാനുമതി ലഭിച്ചിരുന്നില്ല. അപകടംനടന്ന ഞായറാഴ്ച 37 യാത്രക്കാരും ഡ്രൈവറടക്കം രണ്ടുജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
മീൻപിടിത്തബോട്ടാണ് യാത്രാബോട്ടാക്കി മാറ്റാൻ ഉടമ അപേക്ഷനൽകിയിരുന്നത്. ഇതിനുള്ള നിബന്ധനകൾ പാലിച്ചോ എന്നറിയാൻ മാരിടൈം ബോർഡിന്റെ സർവേയർ ആലപ്പുഴയിൽ നിന്നെത്തി പരിശോധന നടത്തിയിരുന്നു. ഇതിൽ ഒട്ടേറെ അപാകം കണ്ടതിനെത്തുടർന്ന് പരിഹരിക്കാൻ നിർദേശംനൽകി.
ഇവ പരിഹരിച്ചതായി കാണിച്ച് വീണ്ടും അപേക്ഷ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ സർവേയർ വീണ്ടും ബോട്ട് പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയുടെ ഫലം വരുംമുമ്പ്, കഴിഞ്ഞമാസം ബോട്ട് സർവീസ് തുടങ്ങി. ആദ്യം അപേക്ഷനൽകി ഫിറ്റനസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്‌ട്രേഷൻ നമ്പർ KIV/BPR/99/23 ബോട്ടിന്റെ യഥാർഥ രജിസ്‌ട്രേഷൻ നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉടമ സർവീസ് ആരംഭിച്ചതെന്ന് മാരിടൈം ബോർഡ് പറയുന്നു.
ബോട്ടുടമ താനൂർ പോലീസ്‌സ്റ്റേഷനുസമീപം പി. നാസറിനെ കോഴിക്കോട് ബീച്ചിൽ ആകാശവാണിക്കടുത്തുനിന്ന് താനൂർ പോലീസ് അറസ്റ്റുചെയ്തു. എലത്തൂരിലെ ഒരുവീട്ടിൽനിന്ന് വരുകയായിരുന്നു. ബോട്ടോടിച്ചിരുന്ന താത്കാലിക ഡ്രൈവർ താനൂർ ഒട്ടുംപുറത്തെ വാളപ്പുറത്ത് ദിനേശൻ ഒളിവിലാണ്.
മീൻപിടിത്ത ബോട്ട് യാത്രാബോട്ടാക്കി മാറ്റുമ്പോൾ വെള്ളത്തിലെ ബാലൻസിങ് അടക്കം ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. മുകളിലത്തെനിലയിൽ യാത്രക്കാരെ നിൽക്കാൻ അനുവദിക്കാതിരിക്കലാണ് അതിലൊന്ന്. അപകടമുണ്ടായപ്പോൾ ബോട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ചിരുന്നതായി പറയുന്നു.
മുകളിലത്തെനിലയിലെ ഏതാനും യാത്രക്കാർ നൃത്തംചെയ്തത് ബോട്ട് ചെരിയാനിടയാക്കി. ഉടൻ ബോട്ട് തലകീഴായി മറിഞ്ഞു. ഗ്ലാസുകൊണ്ടുള്ള ജനവാതിലുകൾ അടച്ചിരുന്നതിനാൽ അകത്തുപെട്ടവർക്ക് പുറത്തുകടക്കാനാവാഞ്ഞത് അപകടത്തിന്റെ വ്യാപ്തികൂട്ടി. സന്ധ്യക്കുമുമ്പ് സർവീസ് അവസാനിപ്പിക്കണമെന്ന നിബന്ധനയും പാലിച്ചില്ല.
മരിച്ചവരിൽ 15 പേരും 18 വയസ്സിൽ താഴെയുള്ളവരാണ്. എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നു. കൂടുതൽപ്പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് കൊച്ചിയിൽനിന്ന് ഹെലികോപ്റ്ററിലെത്തിയ നാവികസേനാ സംഘവും അഗ്നിരക്ഷാസേനയുടെ സ്കൂബാ ഡൈവിങ് സംഘവും തിങ്കളാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ആരെയും കാണാതായതായി പോലീസിൽ പരാതി ലഭിച്ചിട്ടുമില്ല. മൃതദേഹങ്ങൾ അതതു സ്ഥലത്തെ പള്ളി കബറിസ്ഥാനിൽ കബറടക്കി.