മിയാമി: സർക്കാരിന്റെ നിർണായക രേഖകൾ അലക്ഷ്യമായി കൈകാര്യംചെയ്തെന്ന കേസിൽ വിചാരണയ്ക്കായി യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മിയാമി കോടതിയിലെത്തുമ്പോൾ അത് പുതിയ ചരിത്രമാകുന്നു.
യു.എസിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ ക്രിമിനൽക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻപ്രസിഡന്റാണ് അദ്ദേഹം. വീണ്ടും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനൊരുങ്ങുന്ന ട്രംപിൻറെ സ്വപ്നങ്ങൾ തല്ലിക്കൊഴിക്കാൻ ശേഷിയുള്ള കേസാണിത്.
ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ ട്രംപിനോട് കോടതി നിർദേശിച്ചിരുന്നു. ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ അന്വേഷണത്തിനൊടുവിൽ യു.എസ്. നീതിന്യായവകുപ്പ് മിയാമി കോടതിയിൽ ട്രംപിന്റെപേരിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണിത്.
അഞ്ച് സുപ്രധാനകുറ്റങ്ങളാണ് ട്രംപിന്റെപേരിൽ ചുമത്തിയിട്ടുള്ളത്. ആണവരഹസ്യങ്ങളടങ്ങിയ സുപ്രധാനരേഖകൾ വീട്ടിലെ കുളിമുറിയിൽ സൂക്ഷിച്ചത്, പ്രതിരോധമേഖലയും ആയുധശേഷിയുമായി ബന്ധപ്പെട്ട രേഖ അലക്ഷ്യമായി കൈകാര്യംചെയ്തത്, യു.എസിന്റെയും സഖ്യകക്ഷികളുടെയും സൈനിക ബലഹീനതകളെക്കുറിച്ചുള്ള രേഖകളുമായി ബന്ധപ്പെട്ടത് എന്നിവയാണ് അതിൽ പ്രധാനം.
രേഖകൾ പൂഴ്ത്തിവെക്കൽ, നശിപ്പിക്കൽ, അന്വേഷണം തടസ്സപ്പെടുത്തൽ തുടങ്ങി 37 ക്രിമിനൽക്കുറ്റങ്ങളാണ് ട്രംപിന്റെപേരിൽ ചുമത്തിയിരിക്കുന്നത്. അതിൽ 31 എണ്ണവും പ്രതിരോധസേനയുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിച്ചതിലാണ്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ട്രംപിന്റെ ഫ്ളോറിഡയിലെ മാർ എ ലാഗോ വീട്ടിൽനിന്ന് രഹസ്യസ്വഭാവമുള്ള നൂറിലധികം സർക്കാർ രേഖകൾ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ.) റെയ്ഡിലൂടെ കണ്ടെടുക്കുന്നത്. ഇതിനു പിന്നാലെയാണ് നീതിന്യായവകുപ്പ് അന്വേഷണം ആരംഭിച്ചത്.
വൈറ്റ്ഹൗസ് വിട്ടുപോകുമ്പോൾ മുന്നൂറിലധികം സുപ്രധാന സർക്കാർ രേഖകൾ ട്രംപ് അലക്ഷ്യമായി മാർ എ ലാഗോയിലേക്ക് കൊണ്ടുപോയെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആരോപണം.