KeralaNews

തകര്‍ത്തുപെയ്താലും മതിയാവില്ല;കേരളത്തിൽ 34 ശതമാനം മഴ കുറഞ്ഞു

തിരുവനന്തപുരം: ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ എടവപ്പാതിയില്‍ കേരളത്തില്‍ 34 ശതമാനം മഴ കുറഞ്ഞു. 123 വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും മോശപ്പെട്ട മൂന്നാമത്തെ കാലവര്‍ഷമാണ് കഴിഞ്ഞുപോയത്. തുലാവര്‍ഷം കനിഞ്ഞില്ലെങ്കില്‍ കേരളം വരള്‍ച്ചയുടെ പിടിയിലാവും. എന്നാല്‍, തുലാവര്‍ഷത്തില്‍ മെച്ചപ്പെട്ട തോതില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.

എടവപ്പാതിക്കാലമായ ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ കേരളത്തിന് ലഭിക്കേണ്ടത് 2018.6 മില്ലിമീറ്റര്‍ മഴയാണ്. ഇത്തവണ ലഭിച്ചത് 1326.1 മില്ലിമീറ്റര്‍. കേരളത്തില്‍ വരള്‍ച്ച പ്രഖ്യാപിച്ച 2016-ല്‍ 1352 മില്ലിമീറ്റര്‍ മഴ പെയ്തു. അന്നത്തെക്കാള്‍ മഴ കുറവാണ് ഇപ്പോള്‍. കഴിഞ്ഞവര്‍ഷം 14 ശതമാനം മാത്രമായിരുന്നു കുറവ്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ എടവപ്പാതി. സെപ്റ്റംബര്‍ 30-ന് രാവിലെവരെ പെയ്ത മഴയാണ് എടവപ്പാതിയുടെ കണക്കില്‍ വരുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ളത് വടക്കുകിഴക്കന്‍ മഴക്കാലം അഥവാ തുലാവര്‍ഷത്തിന്റെ കണക്കിലാണ്.

ഇത്തവണ മഴ ഏറ്റവും കുറഞ്ഞത് വയനാട്ടിലാണ് -55 ശതമാനം. ദീര്‍ഘകാല ശരാശരിയായ 110.4 സെന്റീമീറ്ററിന്റെ പകുതിപോലും വയനാട്ടില്‍ പെയ്തില്ല. ഇടുക്കിയില്‍ 54 ശതമാനം കുറഞ്ഞു. ആലപ്പുഴയിലാണ് മെച്ചപ്പെട്ട മഴ ലഭിച്ചത്. ഇവിടെ 12 ശതമാനം മാത്രമാണ് കുറവ്.

19 ശതമാനംവരെ കൂടിയാലും കുറഞ്ഞാലും സാധാരണ തോതായാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ സാധാരണ തോതില്‍ മഴ ലഭിച്ച നാല് ജില്ലകളുടെ കൂട്ടത്തിലാണ് ആലപ്പുഴ. പത്തനംതിട്ടയില്‍ കുറഞ്ഞത് 12 ശതമാനംമാത്രം. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളാണ് ഇങ്ങനെ സാധാരണ തോതില്‍ മഴ ലഭിച്ച മറ്റ് ജില്ലകള്‍.

ജൂണ്‍ ആദ്യമുണ്ടായ ബിപോര്‍ജോയ് ചുഴലിക്കാറ്റാണ് കേരളത്തിലെ എടവപ്പാതിയുടെ ഘടനയെ അട്ടിമറിച്ചതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. എസ്. അഭിലാഷ് പറഞ്ഞു. അന്തരീക്ഷത്തിലെ ഈര്‍പ്പം ചുഴലിക്കാറ്റ് കൊണ്ടുപോയി. എല്‍നിനോ പ്രതിഭാസം കാരണം ഓഗസ്റ്റില്‍ മഴ തീരെക്കുറഞ്ഞു. സെപ്റ്റംബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴികളും ന്യൂനമര്‍ദങ്ങളും കാലവര്‍ഷത്തെ സജീവമാക്കി.

തിരുവനന്തപുരം 18, കൊല്ലം 17, പത്തനംതിട്ട 13, ആലപ്പുഴ 12, കോട്ടയം 38, ഇടുക്കി 54, എറണാകുളം 24, തൃശ്ശൂര്‍ 40, പാലക്കാട് 42, മലപ്പുറം 34, കോഴിക്കോട് 39 , വയനാട് 55, കണ്ണൂര്‍ 22, കാസര്‍കോട് 20.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button