തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന സെക്രട്ടറി എകെ നസീർ സിപിഎമ്മിൽ ചേർന്നു. എകെജി സെൻ്ററിൽ എത്തിയ നസീറിനെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സിപിഎമ്മിലേക്ക് സ്വീകരിച്ചു. 30 വർഷമായി ബിജെപിയിൽ പ്രവർത്തിച്ചു വരികയായിരുന്നു എകെ നസീർ. ന്യൂനപക്ഷ മോർച്ചയുടെ ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളുടെ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മൂന്നു വർഷം മുൻപാണ് ബിജെപിയിൽനിന്ന് രാജിവെച്ചത്.
ബിജെപിയിൽ തന്നെപ്പോലെ ഇത്രയും കാലം പ്രവർത്തിച്ച ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഒരു നേതാവ് ഇന്ത്യയിൽ പോലും ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് പാർട്ടി പ്രവേശനത്തിന് ശേഷം എകെ നസീർ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിലെ സജീവ സാന്നിധ്യമായിരുന്നു താൻ. പാർട്ടിതലത്തിലുള്ള പല അന്വേഷണങ്ങളിലും തന്നെ ബന്ധപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട കമ്മീഷനിൽ താനും അന്നത്തെ വൈസ് പ്രസിഡൻ്റ് കെപി ശ്രീശനും ആണ് ഉൾപ്പെട്ടതെന്നും എകെ നസീർ പറഞ്ഞു.
“മെഡിക്കൽ കോഴയിലെ കമ്മീഷൻ റിപ്പോർട്ടിന് ശേഷം ഞങ്ങളുമായുള്ള സഹകരണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. നമ്മളെ ഒതുക്കുന്ന രീതിയിലേക്ക് പാർട്ടിയുടെ നേതൃത്വം മാറിയപ്പോൾ അതിൽനിന്ന് വിട്ടുമാറേണ്ട സാഹചര്യമുണ്ടായി. അങ്ങനെയാണ് മൂന്നു വർഷം മുൻപ് രാജിവെച്ചത്”- അദ്ദേഹം വ്യക്തമാക്കി.
രാജിക്കുശേഷം സംഘടനാ തലത്തിൽ ചർച്ചകൾ നടന്നു. താൻ രണ്ട് പ്രധാന കാര്യങ്ങളാണ് മുന്നോട്ടുവെച്ചത്. അതിൽ ഒന്ന്, തന്നെ ഒതുക്കാനുള്ള കാരണങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണം എന്നതായിരുന്നു. അതിനുശേഷം പാർട്ടി നൽകുന്ന ഉത്തരവാദിത്തങ്ങൾ സ്വീകരിക്കാമെന്നും അറിയിച്ചു. എന്നാൽ അത് പരിഹരിക്കപ്പെട്ടില്ല. ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ചു മുസ്ലീം ന്യൂനപക്ഷങ്ങളോട് ബിജെപി നേതൃത്വം വളരെ നല്ല രീതിയിലല്ല പ്രവർത്തിച്ചു പോരുന്നതെന്നും എകെ നസീർ കുറ്റപ്പെടുത്തി.