തിരുവനന്തപുരം: ആരോഗ്യരംഗത്ത് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ എത്രയോ മുന്നിലാണ് കേരളമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഊന്നിപ്പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ വര്‍ഷമാണിതെന്നും നൂതന ചികിത്സാ രീതിയായ റോബോര്‍ട്ടിക് സര്‍ജറി റീജിയണല്‍ കാന്‍സര്‍ സെന്ററിലും മലബാര്‍ കാന്‍സര്‍ സെന്ററിലും ആരംഭിച്ചുവെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിയതും കേരളമാണ്.
ഇത്തവണ വൈദ്യശുശ്രൂഷ, പൊതുജനാരോഗ്യത്തിനായി 2915 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 97.96 കോടി രൂപ അധികമാണ്. 105 ഡയാലിസ് യൂണിറ്റുകള്‍ക്കായി 13.98 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റുകള്‍ ഇല്ലാത്ത ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളിലും യൂണിറ്റുകള്‍ ആരംഭിക്കും. ഇതോടെ എല്ലാ ജില്ലാ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.
എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ തുടങ്ങിയ മെഡിക്കല്‍ കോളേജുകളിലും കല്‍പറ്റ ജനറല്‍ ആശുപത്രിയിലും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും സ്്‌ട്രോക് യൂണിറ്റുകള്‍ ആരംഭിക്കും. ഇതിനായി 21 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതോടെ എല്ലാ ജില്ലാതല ആശുപത്രികളിലും സ്‌ട്രോക് യൂണിറ്റ് സൗകര്യമുണ്ടാകുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായും കേരളം മാറും.
രക്താധിമര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗം ബാധിച്ച നിര്‍ധരുടെ ചികിത്സയ്ക്കായി പ്രത്യേക പദ്ധതിയും തുടങ്ങി. ഇതിന്റെ ഭാഗമായി ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 45 കോടി രൂപ അനുവദിച്ചു. കാന്‍സര്‍ ചികിത്സയ്ക്കായി ആകെ 182.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടിയും കൊച്ചി കാന്‍സര്‍ സെന്ററിന് 18 കോടിയും ആര്‍.സി.സിക്ക് 75 കോടിയും അനുവദിച്ചു. മെഡിക്കല്‍ കോളേജ്, ജില്ലാ, താലൂക്ക് ആശുപത്രികള്‍ വഴിയുള്ള കാന്‍സര്‍ ചികിത്സയ്ക്കായി 24.5 കോടിയും വകയിരുത്തിയിട്ടുണ്ട്.