KeralaNews

പാലായ്ക്കും തൊടുപുഴയ്ക്കും കെ.എസ്ആർടിസി ബസ് ഓടുന്നപോലാണ് പ്രശ്നങ്ങൾ…മാധ്യമലോകത്തെ കണ്ണീരിലാഴ്ത്തി ദിൽജിത്തിൻ്റെ വിയോഗം

കോട്ടയം:24 ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ സി.ജി.ദില്‍ജിത്തിൻ്റെ മൃതദേഹം കോട്ടയം പ്രസ് ക്ലബിലെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.ഇന്ന് രാവിലെയാണ് തലയോലപ്പറമ്പിലെ വീട്ടില്‍ ദില്‍ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നേരം പുലര്‍ന്നിട്ടും പുറത്തേക്ക് കാണാഞ്ഞതിനേത്തുടര്‍ന്ന് അഛന്‍ നടത്തിയ പരിശോധനയിലാണ് മുറിയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.32 വയസായിരുന്നു.കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യമ രംഗത്ത് സജീവമായിരുന്നു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനാണ്. ഭാര്യ പ്രസീത.

ചുറുചുറുക്കും വിശാലമായ സൗഹൃദങ്ങള്‍ക്കും ഉടമയായ ദില്‍ജിത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ നിരവധി സുഹൃത്തുക്കള്‍ ഫേസ് ബുക്ക് കുറിപ്പില്‍ പങ്കുവെച്ചു.

24 ന്യൂസ് സുർജിത്ത് അയ്യപ്പത്ത്
ദൈവം,
ഇന്ന് തമാശകൾ കേട്ട്
ചിരിച്ചുറങ്ങും !
നീ ഒപ്പമുള്ളവരെ
ശൂന്യതയിലേക്ക് തള്ളിവിട്ട്
ഉണർന്നേയിരിക്കുകയാണല്ലോ 🙁

Diljith CG ഇവിടെയത്രയും നാവ് കയ്ക്കുന്ന, നെഞ്ച് നീറുന്ന, തലയ്ക്ക് ചുറ്റുമെന്തോ കൊളുത്തി വലിയ്ക്കുന്ന ഓർമ്മകൾ പിടഞ്ഞു തുടങ്ങുകയാണ്.

എല്ലാവരെയും പോലെ നടുക്കം മാറിയിട്ടില്ല, പ്രിയപ്പെട്ട ദിൽജിത്ത് !
Diljith CG
മനുഷ്യർ സ്വതേ തന്നെ മാഞ്ഞില്ലാതാകുന്ന മഹാമാരിക്കാലത്ത് തീരുമാനിച്ച് മരിച്ചു പോകാനുള്ള സങ്കടങ്ങളെക്കുറിച്ച് നിശ്ചയമില്ല. നിൻ്റെ സുഹൃത്തുക്കളോടൊക്കെ വിളിച്ചു ചോദിച്ചു. ആർക്കും എത്തിപ്പിടിക്കാവുന്ന ഒരു ഉത്തരം കിട്ടുന്നില്ല.
കൈരളിയുടെ ഡസ്കിലേക്ക് പാത്തുമ്മയുടെ നാട്ടിൽ നിന്നെത്തിയ വലിയ സന്തോഷപ്രിയനായ നിൻ്റെ മുഖം ഇപ്പോഴും ഓർമ്മയിലുണ്ട്. ബഷീറും, പാത്തുമ്മയും, ഖദീജയും, ഭാർഗവീ നിലയവുമെല്ലാമായി എൻ്റെ അഭിരുചിയിൽ തുടങ്ങിയ സംഭാഷണങ്ങളിൽ നിന്നാണ്
ഞാൻ നിന്നെ ആദ്യം മനസ്സിലാക്കിയെടുത്തത്.
നല്ല ഭാവനയുള്ള ഭാഷയും നിരീക്ഷണവും അറിവും ആത്മാർത്ഥതയും കൊണ്ട് നീ ആ സംഘത്തിൽ നിന്ന് മുതിർന്നു നിന്നു.
സൗമ്യത കൊണ്ട് വിസ്മയിപ്പിച്ചു. വിനയം കൊണ്ട് അടുത്തും അകന്നും നിന്നു. നാട്യങ്ങളില്ലാതെ നന്മകൾ പറഞ്ഞു.
അപാരമായ നർമ്മബോധം കൊണ്ട് വാർത്തയോട്ടത്തിൻ്റെ ഏത് കഴുത്തറപ്പൻ മത്സരത്തെയും നീ നിസ്സാരമാക്കിയെന്നാണ് മനസ്സിലാക്കുന്നത്. വാർത്തകളിൽ എവിടെയും മനുഷ്യകാരുണ്യത്തിൻ്റെ മൈക്കായി മാറിയെന്നും.
കൈരളിയുടെ തൃശൂർ ബ്യൂറോയിൽ നിന്ന് നീ അങ്ങനെ ചെയ്ത കുറേ സ്റ്റോറികൾ ഓർമ്മയിലുണ്ട്. കേരള എക്സ്പ്രസിനും തൃശൂരിലേക്കുള്ള സ്നേഹത്തിൻ്റെ വഴികാട്ടിയായത് മറക്കുന്നില്ല. കൈരളി വിടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ്റെ അസുഖത്തെക്കുറിച്ചാണ് നീ വിവരിച്ചത്. അച്ഛന് ഭേദമായി. കുറേക്കഴിഞ്ഞ് 24 ന്യൂസിലാണ് നിൻ്റെ മുഖം കണ്ടത്.
വാർത്തയ്ക്കപ്പുറത്തെ വിമർശനത്തിന് നീ കണ്ടെത്തിയ വേറൊരു തരം വിദൂഷക ഭാഷ രസകരമായിരുന്നു.
സറ്റയറിൻ്റെയും സ്വയം നിർമ്മിത ട്രോളുകളുടെയും ഉത്സവമായിരുന്നു നിൻ്റെ എഫ്ബി ചുവരുകൾ. അതിളക്കിവിടുന്ന ചിരിയുടെ അലകടലുകളെക്കുറിച്ചാണ് നിന്നെ ഓർക്കുമ്പോഴൊക്കെ ഞാൻ പറയാറുള്ളത്. എല്ലാ സംഘർഷങ്ങളെയും അതലിയിച്ചു കളയുമായിരുന്നു..
ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോഴും അവിടെയെല്ലാം ചിരിക്കാനുള്ളതേ കാണൂന്നുള്ളൂ. ഇതും നിൻ്റെയൊരു ട്രോളാകട്ടെയെന്നേ ആഗ്രഹിക്കുന്നുമുള്ളൂ..
അതു കൊണ്ട് വിട പറയുന്നില്ല സുഹൃത്തേ..🌹

സി.എൻ.രമ്യ ഇങ്ങനെ കുറിച്ചു

ദിൽജൂ…..
ഇത്ര തിടുക്കത്തിൽ മടങ്ങണമായിരുന്നോ 😢. ക്ലബിൽ എന്നല്ല എവിടെ വച്ച് കണ്ടാലും എന്നും ചിരിച്ച് മാത്രമേ നിന്നെ ഞാൻ കണ്ടിട്ടുള്ളൂ. നി ഉള്ളിൽ നിറയെ സങ്കടങ്ങൾ വച്ചുകൊണ്ടായിരുന്നോ ഞങ്ങളെ നോക്കി ചിരിച്ചത്. നി എനിക്ക് നല്ല സുഹൃത്തായിരുന്നു.
സഹിക്കാൻ കഴിയുന്നില്ലെടാ ദിൽജൂ. വിശ്വസിക്കാനും. ഒരിക്കൽ നി വീട്ടിൽ വന്നിരുന്നില്ലേ. ചക്ക ഒക്കെ കഴിച്ചല്ലേ മടങ്ങിയത്. നി നല്ല പയ്യനാണെന്ന് അച്ഛനും അമ്മയും ഒക്കെ പറഞ്ഞിരുന്നു. അങ്ങനെ ആയിരുന്നു നിൻ്റെ ചിരി. ആ ചിരി ഞാൻ ഉള്ള കാലം മറക്കില്ല ദിൽജൂ 😭😭😭😭😭

ന്യൂസ് 18 ലെ എം.എസ്.അനീഷ് കുമാർ കുറിച്ചു’

രാവിലെ 9 മണിയ്ക്ക് മുമ്പ് കോട്ടയം പ്രസ് ക്ലബില്‍ ഹാജര്‍.വൈകുന്നേരം ഏറ്റവുമൊടുവില്‍ ക്ലബ് പരിസരത്തുനിന്നും മടങ്ങുന്നവരില്‍ ഒരാളുമായിരുന്നു ദില്‍ജിത്ത്.തലയോലപ്പറമ്പിലേക്കും തിരിച്ചുമുള്ള ഓട്ടത്തിനിടയില്‍ ബാക്കി എന്തിനെങ്കിലും സമയമുണ്ടോയെന്ന് ഞാന്‍ ചോദിയ്ക്കുമായിരുന്നു….ഇങ്ങനൊക്കെയല്ലേ ചേട്ടാ ജീവിതമെന്ന് ചിരിച്ചുകൊണ്ട് പറയും.വെരുകുപോലെ നടന്നുള്ള വാര്‍ത്ത ചെയ്ത്തിനപ്പുറം ക്ലബിലെ കൃഷി,ഷട്ടിലുകളി തുടങ്ങി സകല പരിപാടികളുടെയും ആഘോഷക്കമ്മിറ്റിക്കാരനായിരുന്നു.ദേഷ്യപ്പെടുകയോ കുശുമ്പുപറയുന്നതോ കണ്ടിട്ടില്ല.സര്‍വ്വോപരി കോട്ടയത്തെ ഡപ്യൂട്ടേഷന്‍ കാലത്ത് കൊവിഡ് കൈമാറി തന്നതും കക്ഷിയായിരുന്നു.വാര്‍ത്തകളോട് അമിത ആവേശമില്ല, കൃത്യയയും വസ്തുതയും നോക്കാതെ അലക്കുകയുമില്ല.രാണ്ടാഴ്ച മുമ്പ് മുല്ലപ്പെരിയാറിലായിരുന്നു അവസാനം കണ്ടത്.വള്ളക്കടവില്‍ നിന്നും മടങ്ങും വഴി ഒരു നാടന്‍ ഹോട്ടലില്‍ മുട്ടിയിരുന്നാണ് ഭക്ഷണം കഴിച്ചത്…ശരീരത്തിന്റെ ചൂട് വീണ്ടും ദേഹത്തുതട്ടുംപോല അകവും പുറവും പൊള്ളുന്നു..

ഗൗരമായ രാഷ്ട്രീയ പ്രശ്‌നങ്ങളെയടക്കം തനതുനര്‍മ്മ ബോധത്തോടെയാണ് ദില്‍ജിത്ത് സമീപിച്ചിരുന്നതെന്ന് ഫേസ് ബുക്ക് കുറിപ്പുകള്‍ വ്യക്തമാക്കുന്നു.കേരള കോൺഗ്രസിനേക്കുറിച്ചുള്ള ദിൽജിത്തിൻ്റെ പോസ്റ്റാണിത്

തേങ്ങ എറിഞ്ഞുടച്ചാൽ എത്ര കഷണമാകുമെന്ന് ആർക്കും പറയാൻ പറ്റത്തില്ല

#ഹാപ്പി_ബർത്ത്ഡേ
#കേരള_കോൺഗ്രസ്

മോൻസൻ കേസിൽ നടൻ ബാലയ്ക്ക് കൊട്ട്

ഐ വിൽ ഫൈറ്റ് ടു ദ ലാസ്റ്റ്… വൺ ഡേ ഐ വിൽ അച്ചീവ് ഇറ്റ്… സോ എവരിബഡി ഷുഡ് ഡ്രീം….

ശ്ശൊ… കണ്ണ് നിറഞ്ഞു പോയി

#എലിസബത്ത്_കം_ഹിയർ…
#ഫ്രെയിമില്_വാ..

ഡി.സി.സി പുനസംഘടനയിൽ വിമർശനമിങ്ങനെ:

കോട്ടയം ഡിസിസി ഇടവകയിലും ഇടയലേഖനം വായിച്ചു

നേതൃയോഗങ്ങളുടെ ആദ്യഭാഗം വി.ഡി സതീശന് അഭിമുഖമായും,

പ്രധാന ഭാഗം സുധാകരന് അഭിമുഖമായും,

അവസാന ഭാഗം വീണ്ടും സതീശന് അഭിമുഖമായും നടത്താനാണ് നിർദ്ദേശം

‘അയ്യേ’ ഗ്രൂപ്പുകൾ ഇടയലേഖനം കീറി വള്ളമുണ്ടാക്കി മീനച്ചിലാറ്റിൽ ഒഴുക്കി

സങ്കീര്‍ണ്ണമായ ജീവിത പ്രതിസന്ധികളേക്കുറിച്ചും പോസ്റ്റുകളില്‍ സൂചനകളുണ്ട്.

പാലായ്ക്കും തൊടുപുഴയ്ക്കും കെ.എസ്ആർടിസി ബസ് ഓടുന്നപോലാണ് പ്രശ്നങ്ങൾ…

ചുമ്മാ തുരുതുരാ വന്നോണ്ടിരിക്കും, ഏതിൽ കേറിയാലും സീറ്റുങ്കിട്ടും..

സന്ധ്യ കഴിഞ്ഞാൽ വരുന്ന വൈക്കം ബസുകൾ പോലെയാണ് സന്തോഷം…

ഒത്തിരി കാത്തിരിക്കുമ്പൊ ഒരെണ്ണം വരും.. ഇരിക്കാൻ പോയിട്ട് കാലു കുത്തി നിൽക്കാൻ പോലും ഇടമുണ്ടാകില്ല..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button