തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ 22 ഡ്രൈവിങ് സ്‌കൂളുകള്‍ മാര്‍ച്ച് 30-നുള്ളില്‍ ആരംഭിക്കും. ഇതിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മോട്ടോര്‍വാഹനവകുപ്പില്‍നിന്ന് ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സ് നേടാന്‍ ഡിപ്പോ മേധാവികള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി.
ആവശ്യമായ രേഖകള്‍ സഹിതം ഉടന്‍തന്നെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. ക്ലാസ് റൂം, പരിശീലനഹാള്‍, വാഹനങ്ങള്‍, മൈതാനം, ഓഫീസ്, പാര്‍ക്കിങ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കേണ്ടത്. പരിശീലകരെയും നിയോഗിക്കണം. പരീശീലന ഹാളിലേക്ക് വേണ്ട യന്ത്രസാമഗ്രികള്‍ സെന്‍ട്രല്‍, റീജിയണല്‍ വര്‍ക്ക്ഷോപ്പ് മേധാവികള്‍ ഒരുക്കണം.
പരിശീലന വാഹനങ്ങള്‍ക്ക് ഇരട്ട നിയന്ത്രണ സംവിധാനം (ക്ലച്ച്, ബ്രേക്ക്) എന്നിവയും രണ്ടാഴ്ചയ്ക്കുള്ളില്‍ സജ്ജീകരിക്കും. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കോളേജ് മേധാവിക്കാണ് മേല്‍നോട്ടച്ചുമതല. ഡിപ്പോമേധാവിമാര്‍ ഒരോ ദിവസത്തെയും പുരോഗതി ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പളിനെ അറിയിക്കണം.
അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ വരുക. ടെസ്റ്റിങ് ഗ്രൗണ്ടുകള്‍ ഒരുക്കാന്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സിയെക്കൊണ്ട് ഗതാഗത വകുപ്പ് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്.