NationalNews

പാർലമെന്റിന് മുന്നിൽ 200 പേരുടെ ധർണ; പിന്നോട്ടില്ലന്ന് ആവർത്തിച്ച് കർഷകർ , പോലീസിന്റെ ആവശ്യം തള്ളി

ഡൽഹി: പാർലമെന്റിന് മുന്നിൽ വ്യാഴ്ച്ച മുതൽ നടത്താൻ തീരുമാനിച്ച ഉപരോധസമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. അതീവ സുരക്ഷ മേഖലയായ പാർലമെന്റിന് മുന്നിൽനിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്ന പൊലീസിന്റെ ആവശ്യം കർഷകർ തള്ളിയതോടെ ദില്ലി പൊലീസും കർഷക സംഘടനകളും നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.

ധർണയിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ ചർച്ചയിൽ ആവർത്തിച്ചു. പാർലമെന്റ് സമ്മേളനത്തിനിടെ ഓരോ ദിവസവും 200 പേർ ധർണ നടത്താനാണ് തീരുമാനം. പങ്കെടുക്കുന്ന കർഷകർക്ക് തിരിച്ചറിയൽ ബാഡ്ജ് നൽകും. ദിവസവും പാർലമെന്റിന് മുന്നിലെ ധർണക്ക് ശേഷം സമരഭൂമിയിലേക്ക് മടങ്ങും.

200 പേർ എന്നതിൽ കുറവ് വരുത്തില്ലെന്ന് അറിയിച്ച സമരക്കാർ, പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ നേരത്തെ പൊലീസിന് കൈമാറാമെന്നും ചർച്ചയിൽ വ്യക്തമാക്കി. ധർണയ്ക്കുള്ള അനുമതി സംബന്ധിച്ച് പൊലീസ് തീരുമാനം രാത്രിയോടെ ഉണ്ടാകും. അതിനിടെ കർഷകരുടെ ഉപരോധസമരത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലെ ഏഴ് മെട്രോ സ്റ്റേഷനുകൾക്ക് ദില്ലി പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ സ്റ്റേഷൻ അടക്കാമെന്നാണ് നിർദ്ദേശം.

അതിനിടെ പാർലമെന്റിന് മുന്നിലേക്ക് സമരം മാറ്റുന്നതിന് കർഷകർ തയ്യാറെടുക്കുന്നതിനിടെ വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു. പ്രതിഷേധത്തിന്റെ പാത അവസാനിച്ച് കർഷകർ ചർച്ചയ്ക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ്ങ് തോമർ രംഗത്തെത്തി.

പാർലമെന്റ് സമ്മേളനം നടക്കാനിരിക്കെ സഭക്ക് അകത്തും പുറത്തും കർഷക സമരം സർക്കാരിനെതിരെ പ്രതിപക്ഷം വലിയ ആയുധമാക്കാനിരിക്കെയാണ് കൃഷിമന്ത്രി നിലപാട് ആവർത്തിക്കുന്നത്. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് മാത്രമേ ചർച്ചയ്ക്കൊള്ളൂ എന്ന നിലപാടിലാണ് സംയുക്ത കിസാൻ മോർച്ച.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker