പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച 20കാരന് 32 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
ചെന്നൈ: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 32 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. തിരുവാവൂര്‍ ജില്ലയിലെ തിരുത്തിറപൂണ്ടി കോവിലന്‍പെട്ടിയില്‍ 2019ല്‍ നടന്ന പീഡന കേസിലാണ് അരവിന്ദന്‍ എന്ന 20കാരന് കോടതി അതിവേഗം ശിക്ഷ വിധിച്ചത്. തിര്‍വാവൂര്‍ മഹിളാ കോടതിയാണ് അരവിന്ദനെ 32വര്‍ഷം ജയിലില്‍ അടക്കാന്‍ ഉത്തരവിട്ടത്.
2019 നവംബറില്‍ ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. അരവിന്ദന്റെ വീടിന്റെ സമീപമായ തമ്പിക്കോട്ടൈ എന്ന സ്ഥലത്തെ പത്താം ക്ലാസുകാരിയുമായി അരവിന്ദന്‍ സൗഹൃദത്തില്‍ ആയിരുന്നു. ഈ സൗഹൃദം മുതലെടുത്തു അരവിന്ദന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് അരവിന്ദന്‍ അറസ്റ്റില്‍ ആയത്.
വിചാരണയില്‍ അരവിന്ദന്‍ കുറ്റകാരന്‍ ആണെന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. 32വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ആണ് ശിക്ഷ. പിഴ തുക പെണ്‍കുട്ടിക്ക് കൊടുക്കാനും കോടതി നിര്‍ദേശിച്ചു. പീഡന കേസുകളില്‍ ഇത്രയും നീണ്ട ശിക്ഷ വിധിക്കുന്നത് അപൂര്‍വമാണ്.